Blog Post

Karanavars > News > Keralam > രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

ന്യൂഡൽഹികൊറോണ രോഗബാധ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അർധരാത്രി ‘അടച്ചിടൽ’ നിലവിൽ വന്നു. ഏപ്രിൽ 14 അർധരാത്രി വരെ നീളും. ഇക്കാലയളവിൽ ജനതാകർഫ്യൂവിനു സമാനമായി ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും 15,000 കോടി രൂപ നീക്കിെവച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന് കടുത്തനടപടികൾ അനിവാര്യമാണ്. സാമൂഹിക അകലം പാലിക്കലാണ് കൊറോണ വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗം. എല്ലാവരും വീടിനുള്ളിൽത്തന്നെ കഴിയണം. വീടിനുള്ളിൽ ‘ലക്ഷ്മണരേഖ’ സൂക്ഷിക്കണം. പുറത്തേക്കുള്ള ഓരോ ചുവടും അകത്തേക്ക് രോഗാണുവിനെ ക്ഷണിക്കലാണ് മോദി അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ, ജില്ലകൾ, ഗ്രാമങ്ങൾ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. ഇതിനായി ഭരണസംവിധാനങ്ങൾ കാര്യക്ഷമമായ നടപടി സ്വീകരിക്കണം. രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ഇത് അത്യാവശ്യമാണ് മോദി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന് 21 ദിവസം വേണമെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ കാലയളവിലാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്. ഇത് രോഗബാധ തടയുന്നതിന് അനിവാര്യമാണ്. ഈ നടപടി ഇപ്പോൾ സ്വീകരിച്ചില്ലെങ്കിൽ പല കുടുംബങ്ങളും 21 വർഷം പിന്നിലേക്ക് പോകും. ജനതാകർഫ്യൂ വൻ വിജയമാക്കിയ രാജ്യത്ത് ഇതിന്റെ തുടർച്ചയാണ് അടച്ചിടൽ ഏർപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയെ നേരിടാൻ സ്വകാര്യമേഖലയുടെ സഹകരണം അനിവാര്യമാണ്. സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും കൊറോണ ബാധയെ നേരിടാൻ സേവനം നൽകണം. രാജ്യത്ത് അവശ്യസാധന ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സാധനങ്ങൾക്ക് ഒരുതരത്തിലുമുള്ള ക്ഷാമവുമുണ്ടാവില്ല. ആരും ആശങ്കപ്പെടേണ്ട മോദി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *