Blog Post

Karanavars > News > Keralam > കിഴക്കേക്കോട്ടയില്‍ കാല്‍നടക്കാര്‍ക്ക് മേല്‍പ്പാലവും അടിപ്പാതയും

കിഴക്കേക്കോട്ടയില്‍ കാല്‍നടക്കാര്‍ക്ക് മേല്‍പ്പാലവും അടിപ്പാതയും

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് കിഴക്കേക്കോട്ട. ഒരുവശത്ത് പഴവങ്ങാടി ഗണപതിക്ഷേത്രവും മ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും മറുവശത്ത് പുത്തരിക്കണ്ടം മൈതാനവും ചാലക്കമ്ബോളവും മറ്റും. തിരക്ക് മൂലം വീതിയേറിയ റോഡ് ഇരുവശങ്ങളിലേക്കും മുറിച്ച്‌ കടക്കുന്നത് പ്രയാസമാണ്. പ്രായമായവര്‍ക്ക് പ്രത്യേകിച്ചും. നിരവധി ജീവനുകളാണ് ഇവിടെ അപകടങ്ങളില്‍ പൊലിഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇവിടെ മേല്‍പ്പാലവും അടിപ്പാതയും നിര്‍മ്മിക്കാനുളള പദ്ധതിക്ക് രൂപം നല്‍കിയത്.

നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുളള പ്രധാന ബസ് സ്റ്റോപ്പും ഇവിടെയാണ്. റോഡിനിരുവശവും ബസ് സ്‌റ്റോപ്പുകളുണ്ട്. തുടര്‍ന്ന് ഇതിന് പരിഹാരമായി നിരവധി പദ്ധതികള്‍ സര്‍ക്കാരും കോര്‍പ്പറേഷനും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ലകാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം പണിയുമെന്ന പ്രഖ്യാപനവും ഉണ്ടായെങ്കിലും നടപ്പായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാല്‍നട മേല്‍പ്പാലവും അടിപ്പാതയും യാഥാര്‍ത്ഥ്യമാവുകയാണ്.

കാല്‍നട മേല്‍പ്പാലത്തില്‍ ലിഫ്്റ്റും സി.സി.ടി.വിയും

കിഴക്കേക്കോട്ടയില്‍ മേല്‍ പാലത്തിന്റെ രൂപരേഖ സംബന്ധിച്ചാണ് ഏറെനാള്‍ തര്‍ക്കം നടന്നത്. ചരിത്രപ്രാധാന്യമുള്ള കോട്ട നിലനില്‍ക്കുന്നതിനാല്‍ പുരാവസ്തു വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. തുടര്‍ന്ന് പലതവണ രൂപരേഖയില്‍ മാറ്റം വരുത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് മേല്‍പ്പാലത്തിന്റെ പണി തുടങ്ങി. കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ആക്സോ എന്‍ജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിക്കാണ് പാലത്തിന്റെ രൂപരേഖയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ചുമതല. കിഴക്കേക്കോട്ടയുടെ പൗരാണികത നിലനിര്‍ത്തിയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച്‌ ആറ്റുകാല്‍, തിരുവല്ലം ബസ് സ്റ്റോപ്പിലേക്കും അവിടെനിന്നും റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. രണ്ടേമുക്കാല്‍ക്കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന കാല്‍നട മേല്‍പ്പാലത്തില്‍ രണ്ട് ലിഫ്റ്റും സി.സി.ടി.വി. സംവിധാനങ്ങളും ഉണ്ടാകും.

അടിപ്പാതയ്ക്ക് സാങ്കേതികാനുമതി ഉടന്‍

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റോപ്പിനു സമീപത്തുനിന്നും തുടങ്ങി ചാലവരെയാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇനി സാങ്കേതികാനുമതിയാണ് വേണ്ടത് . ഇത് ലഭിച്ചുകഴിഞ്ഞാലുടന്‍ തന്നെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും. അടിപ്പാത നിര്‍മ്മിക്കുന്നത് ചാലയില്‍ നിന്ന് ഗാന്ധിപാര്‍ക്ക് വഴി പത്്മനാഭസ്വാമി ക്ഷേത്രം വരെയാണ്. 100 മീറ്റര്‍ നീളത്തിലാണ് ഈ അടിപ്പാത നിര്‍മ്മിക്കുക. അടിപ്പാതയില്‍ 50 കച്ചവടക്കാര്‍ക്കുള്ള സൗകര്യവും ഒരുക്കും. കിഴക്കേക്കോട്ടപാളയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് പിന്നില്‍നിന്ന് ആരംഭിക്കുന്ന അടിപ്പാത ഗാന്ധിപാര്‍ക്കിന് അടിയില്‍ക്കൂടി ചാലക്കമ്ബോളത്തിനു മുന്നില്‍ അവസാനിക്കും. അടിപ്പാതയില്‍ ് കയറാനും ഇറങ്ങാനും പടികളും ലിഫ്റ്റുകളും ഉണ്ടാകും. യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുവേണ്ട സൗകര്യങ്ങളും ഇതിനുള്ളില്‍ ഏര്‍പ്പെടുത്തും. സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും. ചാല പൈതൃകത്തെരുവ് പദ്ധതിയും ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരം മോടിപിടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പുരോഗമിക്കുന്നതും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കും. രണ്ട് പാതകളും വരുന്നതോടെ ജനത്തിന് ഭയം കൂടാതെ റോഡ് മുറിച്ച്‌ കടക്കാനാകും.

Leave a comment

Your email address will not be published. Required fields are marked *