Blog Post

Karanavars > News > latest news > ‘എല്ലാവരോടും ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്’

‘എല്ലാവരോടും ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്’

റോം: സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം അഭ്യര്‍ഥിച്ചിട്ടും കഴിഞ്ഞ ഒന്നര ദിവസത്തോളമായി ഭീതിയോടെ കഴിയുകയാണെന്ന് ഇറ്റലിയിലെ റോം വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍. ഞങ്ങള്‍ 40 പേര്‍ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. വിളിക്കുന്നവരില്‍ മിക്കവരും സഹായിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടിലെത്താന്‍ യാതൊരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് യാത്രക്കാരിലൊരാളായ മാളാ സ്വദേശി ഷിജോ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ ഇറ്റലിയിലേക്കയക്കുമെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു അറിയിപ്പും ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലഅധികാരികളൊന്നും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഇനിയും എത്ര ദിവസം ഭീതിയോടെ ഞങ്ങള്‍ ഇവിടെ കഴിയേണ്ടി വരുമെന്ന് അറിയില്ല. എന്തു പ്രതിസന്ധി സഹിച്ചും നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിക്കുന്നത് വരെ ഞങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ തുടരുമെന്നും ഷിജോ വ്യക്തമാക്കി.

മൂന്ന് ചെറിയ കുട്ടികളും ഒരു ഗര്‍ഭിണിയും ഇവിടെയുണ്ട്. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല. ഇതുവരെ ആര്‍ക്കും യാതൊരുവിധ ആസുഖവുമില്ല. നാട്ടിലുള്ളവര്‍ ഇറ്റലിക്കാരെ ഭീതിയോടെ കാണുകയും അവരെ ട്രോളി കളിയാക്കുന്ന കാര്യവുമെല്ലാം സോഷ്യല്‍ മീഡിയകളിലൂടെ കാണുന്നുണ്ട്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. തിരിച്ചെത്തിയ ശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്ലാ പരിശോധനകള്‍ക്കും തയ്യാറാണെന്നും യാത്രക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആറ്, ഏഴ് പേര്‍ ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് യാത്ര വിലക്കുള്ള കാര്യം എമിറേറ്റ്‌സ് അധികൃതര്‍ ഞങ്ങളെ അറിയിക്കുന്നത്. കൊറോണ ബാധയില്ലെന്ന സാക്ഷ്യപത്രം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാല്‍ അതിനുള്ള സംവിധാനങ്ങളൊന്നും ഇവിടെ ലഭ്യമല്ല. പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല സാക്ഷ്യപത്രം. എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, സഹായത്തിനായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വരെ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും രക്ഷപ്പെടാനുള്ള മാര്‍ഗമില്ല. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് യാത്ര വിലക്ക്. ഇത് ദൗര്‍ഭാഗ്യകരമാണ്. മറ്റു രാജ്യങ്ങളിലെ യാത്രക്കാരെല്ലാം ഞങ്ങളുടെ മുന്നിലൂടെ യാത്ര ചെയ്യുകയാണ്.

നാട്ടിലേക്ക് വിമാനം കയറുകയല്ലാതെ തിരിച്ചുപോകാന്‍ ആര്‍ക്കും നിവര്‍ത്തിയില്ല. ഇറ്റലിയിലെ താമസസ്ഥലം ഒഴിഞ്ഞാണ് മിക്കവരും വിമാനത്താവളത്തിലെത്തിയത്. അതിനാല്‍തന്നെ തിരിച്ചുപോയി താമസിക്കാന്‍ ഇടമില്ല. കൊറോണ ഭീതിയില്‍ വിമാനത്താവളത്തിന് സമീപത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എങ്ങും ഭീതിജനകമായ സാഹചര്യമാണ്. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ല. എല്ലാം സഹിച്ച്‌ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെല്ലാവരും. ഇതിനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ 40 പേരും അഭ്യര്‍ഥിക്കുകയാണെന്നും ഷിജോ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *