Blog Post

Karanavars > News > Keralam > ദേവനന്ദയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം,​ പ്രതിയെന്ന് സംശയിക്കുന്നയാള്‍ രാത്രിയും പകലും പൊലീസ് നിരീക്ഷണത്തില്‍: കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

ദേവനന്ദയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം,​ പ്രതിയെന്ന് സംശയിക്കുന്നയാള്‍ രാത്രിയും പകലും പൊലീസ് നിരീക്ഷണത്തില്‍: കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

കൊല്ലം: ഇളവരൂരില്‍ എഴുവയസുകാരി ദേവനന്ദ പുഴയില്‍ മരിച്ച സംഭവത്തില്‍ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ പുഴയില്‍ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുംവിധമാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞുകേസ് നിര്‍ണായക വഴിത്തിരിവിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മുങ്ങി മരണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുട്ടി തനിയെ പുഴയിലെത്താന്‍ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എല്ലാ സംശയങ്ങളും വിശദമായി പൊലീസ് അന്വേഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തിരുന്നു. പ്രതിയിലേക്ക് എത്താനുള്ള എല്ലാ സൂചനകളും ലഭിച്ചുകഴി‌ഞ്ഞെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തിയത്.

ചോദ്യം ചെയ്യലില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്തെങ്കിലും മറുപടികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാഞ്ഞതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. കോടതിയിലെത്തിയാലും കേസ് നിലനില്‍ക്കണമെങ്കില്‍ ശാസ്ത്രീയാടിത്തറ അനിവാര്യമാണ്. കുട്ടിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല.

മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. സംശയിക്കുന്നയാളെ രാത്രിയും പകലും പൊലീസ് നിരീക്ഷിക്കുകയാണ്. ഇവിടെ നിന്ന് കടക്കാനുള്ള അവസരമുണ്ടാകാത്ത വിധമാണ് നിരീക്ഷണം. ഇയാളുടെ ഫോണും നിരീക്ഷിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *