തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനത്തോളം മരണങ്ങളിലും വില്ലനാകുന്നത് ജീവിത ശൈലീരോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടേതാണ് ഈ കണ്ടെത്തല്‍. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 60 ശതമാനത്തോളം മരണങ്ങളുടെ കാരണവും ജീവിതശൈലിയാണെന്നാണ് വെളിപ്പെടുത്തല്‍.
ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജീവിത ശൈലീ രോഗങ്ങളുടെ മരണനിരക്കും രോഗാതുരതയും സാംക്രമിക രോഗങ്ങളും മാതൃശിശു രോഗങ്ങളും മൂലമുണ്ടാകുന്നവയേക്കാള്‍ കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിയോടുള്ള ആസക്തി, ഉയര്‍ന്ന മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് പ്രമേഹം, രക്താതിസമ്മര്‍ദം, പൊണ്ണത്തടി, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ 9.1 ലക്ഷം പുതിയ പ്രമേഹരോഗികളും 11.2 ലക്ഷം പുതിയ രക്താദിസമ്മര്‍ദ രോഗികളുമുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും പി.എച്ച്.സികളിലും സി.എച്ച്.സികളിലും നടത്തിയ പരിശോധനകളില്‍ നിന്നാണ് രോഗികളുടെ വിവരങ്ങള്‍ ലഭ്യമായത്.
ജീവിത ശൈലിയില്‍ വന്ന കാതലായ മാറ്റത്തിനുസരിച്ച് ജീവിത ശൈലീ രോഗങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും ജീവിതശൈലീ രോഗ നിര്‍ണയം നടത്തി പ്രാദേശിക രജിസ്റ്റര്‍ തയാറാക്കുന്നതിനായി 2018-19ല്‍ തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, വയനാട് ജില്ലകളില്‍ ആരംഭിച്ച രജിസ്റ്റര്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.