Blog Post

Karanavars > News > Keralam > റിട്ട. പ്രൊഫ. സത്യനാഥിന്റെ വീട്ടില്‍ മൂന്നാംതവണയും കള്ളന്‍ കയറി; അന്ന് ഓംലറ്റും കട്ടനുമടിച്ച കള്ളന്‍ ഇക്കുറി അകത്താക്കിയത് ബദാമും അണ്ടിപ്പരിപ്പും, കുഴഞ്ഞ് വീട്ടുകാര്‍

റിട്ട. പ്രൊഫ. സത്യനാഥിന്റെ വീട്ടില്‍ മൂന്നാംതവണയും കള്ളന്‍ കയറി; അന്ന് ഓംലറ്റും കട്ടനുമടിച്ച കള്ളന്‍ ഇക്കുറി അകത്താക്കിയത് ബദാമും അണ്ടിപ്പരിപ്പും, കുഴഞ്ഞ് വീട്ടുകാര്‍

പയ്യന്നൂര്‍: റിട്ട. പ്രൊഫ. ആര്‍ സത്യനാഥിന്റെ വീട്ടില്‍ മൂന്നാം തവണയും കള്ളന്‍ കയറി. പയ്യന്നൂരിനടുത്ത വെള്ളൂരിലെ പൂട്ടികിടന്ന വീട്ടിലാണ് മൂന്നാം തവണയും കള്ളന്‍ കയറിയത്. ഇത്തവണ കയറിയ വഴി പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് കള്ളന്‍ കയറി തന്റെ വികൃതികള്‍ കാണിച്ചിരിക്കുന്നത്. അകത്ത് കടന്ന കള്ളന്‍ വീട്ടിലെ എല്ലാ സാധനങ്ങളും വാരിവലിച്ച്‌ ഇട്ടു. ഡൈനിങ്ങ് ഹാളില്‍ ഇരുന്ന് ബദാമും അണ്ടിപ്പരിപ്പും കഴിച്ച്‌ വെള്ളവും കുടിച്ച്‌ സോഫയില്‍ ഇരുന്ന് വിശ്രമിച്ചിട്ടെല്ലാമാണ് പോയത്.

ഇതിന് മുന്‍പ് രണ്ട് തവണയും വീട്ടില്‍ കയറിയപ്പോള്‍ സമാന രീതിയിലാണ് പെരുമാറിയത്. ആദ്യ തവണ സ്വര്‍ണവും പണവും കൊണ്ടുപോയി. അന്ന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചാണു കള്ളന്‍ മടങ്ങിയത്. രണ്ടാം തവണ കട്ടന്‍ ചായയാണ് ഉണ്ടാക്കി കഴിച്ചത്. ഇന്ന് ഉള്ളത് കഴിച്ച്‌ പോവുകയും ചെയ്തു. വെള്ളൂര്‍ ഗവ.ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ ദേശീയപാതയോരത്താണു സത്യനാഥിന്റെ വീട്. സത്യനാഥ് മകള്‍ക്കൊപ്പം തിരുവനന്തപുരത്താണ് താമസം. 2 ദിവസമായി വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണു തിരുവനന്തപുരത്തേക്കു മടങ്ങിയത്. വീട്ടിനകത്തു വച്ചു മറന്നു പോയ രേഖ എടുത്ത് അയച്ചു തരാന്‍ സത്യനാഥന്‍ ബന്ധുവിനോട് ആവശ്യപ്പെട്ടിരുന്നു.

ശേഷം ബന്ധുവായ രവീന്ദ്രന്‍ ഇന്നലെ രാവിലെ വീട്ടില്‍ എത്തിയത്. പുറകിലുള്ള ഷെഡ് തുറന്നിട്ട നിലയില്‍ കണ്ടപ്പോള്‍ രവീന്ദ്രന്‍ സത്യനാഥിനെ വിളിച്ച്‌ അന്വേഷിച്ചു. തുടര്‍ന്നു മുന്‍ ഭാഗത്തെ ഗ്രില്‍ തുറന്നപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. സംഭവം അറിഞ്ഞ് എത്തിയ പോലീസ് വിരല്‍ അടയാളവും മറ്റും ശേഖരിച്ചു. അതേ സമയം മുന്‍ഭാഗത്തെ ഗ്രില്‍ പൂട്ടിയ നിലയിലാണ്. പുറകിലെ വാതില്‍ ഇരുമ്ബ് പട്ട ഉപയോഗിച്ച്‌ പൂട്ടിയിരുന്നു. മുന്‍ഭാഗത്തെ പൂട്ടു തുറന്ന് അകത്ത് കയറിയ കള്ളന്‍ തിരിച്ചു പോകുമ്ബോള്‍ പൂട്ടിയിട്ടു പോയതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. രണ്ട് തവണ സമാന അനുഭവം നേരിട്ടതിനാല്‍ സത്യനാഥന്‍ വീട്ടില്‍ പണമോ സ്വര്‍ണ്ണമോ സൂക്ഷിച്ചിരുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *