Blog Post

Karanavars > News > latest news > യുപിയില്‍ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

യുപിയില്‍ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: എട്ടുമണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് അവസാനം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കൊലക്കേസ് പ്രതി വീടിനുള്ളില്‍ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു.

സുഭാഷ് ബദ്ദാം എന്നയാളാണ് ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയത്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടിക്കിടെ പോലീസിന്റെ വെടിയേറ്റ് സുഭാഷ് മരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്.

എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തര്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

കൊലക്കേസ് പ്രതിയായ സുഭാഷ് ജാമ്യത്തില്‍ പുറത്തെത്തിയതായിരുന്നു. ബന്ദിയാക്കവരില്‍ സുഭാഷിന്റെ ഭാര്യയും ഒരുവയസ്സുപ്രായമുള്ള മകളും ഉള്‍പ്പെട്ടിരുന്നു. സുഭാഷുമായി അനുനയനീക്കത്തിന് പോലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയംകണ്ടിരുന്നില്ല.

സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: മകളുടെ പിറന്നാള്‍ ആഘോഷത്തിനെന്ന പേരില്‍ സുഭാഷ് ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ അകത്ത് എത്തിയതിനു പിന്നാലെ തോക്ക് ചൂണ്ടി ബന്ദികളാക്കുകയായിരുന്നു. കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരില്‍ ചിലര്‍ വാതിലില്‍ മുട്ടിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസുകാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തുലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ചു. നടപടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനപത്രം നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *