Blog Post

Karanavars > News > Keralam > അധ്യാപികയുടെ കൊലയ്ക്ക് പിന്നില്‍ ന​ഗ്നനാരീപൂജ ?; മുടി മുറിച്ചത് ആഭിചാരകര്‍മത്തിനെന്നും സംശയം, ദുര്‍മന്ത്രവാദം നടന്നോയെന്നും അന്വേഷണം

അധ്യാപികയുടെ കൊലയ്ക്ക് പിന്നില്‍ ന​ഗ്നനാരീപൂജ ?; മുടി മുറിച്ചത് ആഭിചാരകര്‍മത്തിനെന്നും സംശയം, ദുര്‍മന്ത്രവാദം നടന്നോയെന്നും അന്വേഷണം

കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ്, കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ സഹ അധ്യാപകന്‍ കൂടിയായ വെങ്കിട്ടരമണ. കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുര്‍മന്ത്രപൂജകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു.

നഗ്‌നനാരീപൂജ കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നഗ്നനാരീപൂജകള്‍ നിരോധിച്ചിരുന്നു. അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിന് നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ് ബിജെപി സര്‍ക്കാര്‍ പാസാക്കിയത്.

രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ (22) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരി 13 മുതല്‍ വെങ്കിട്ടരമണ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. രൂപശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വെങ്കിട്ടരമണ പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്‌നനാരീപൂജ നടന്നതുകൊണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുടി മുറിച്ചുമാറ്റിയതും ആഭിചാരകര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്.

വെങ്കിട്ട രമണ വിവിധ സ്ഥലങ്ങളില്‍ പൂജകള്‍ക്ക് പോകുമ്ബോള്‍ സഹായിയായി കൂടെ കൂട്ടാറുള്ളയാളാണ് നിരഞ്ജന്‍. കൊലപാതകം നടക്കുമ്ബോള്‍ നിരഞ്ജനും വീട്ടിലുണ്ടായിരുന്നു. ബ്രാഹ്മണരുടെ ഗൂഢപൂജകളില്‍ ബലി നടത്തുന്നതിന് ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച്‌ കൊല്ലുന്ന രീതിയാണ് അവലംബിക്കാറെന്നും പറയപ്പെടുന്നു. വെങ്കിട്ടരമണയുടെ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലില്‍ തള്ളിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മിയാപദവ് ആസാദ് നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്‌നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറിയുണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

ജനുവരി 16ന് രൂപശ്രീ വിവിധ ആവശ്യങ്ങളുടെ പേരില്‍ ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു. വഴിയില്‍ കാത്തുനില്‍ക്കാമെന്ന് വെങ്കിട്ട രമണ നേരത്തേ തന്നെ രൂപശ്രീയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രൂപശ്രീ സ്‌കൂട്ടറില്‍ പോകുമ്ബോള്‍ അല്‍പ്പം പിന്നിലായി വെങ്കിട്ട രമണയുടെ കാറും പോകുന്നതിന്റെ സിസി ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. നിരഞ്ജനും കാറില്‍ ഒപ്പമുണ്ടായിരുന്നു. ദുര്‍ഗിപ്പള്ള എന്ന സ്ഥലത്തെത്തിയപ്പോള്‍ രൂപശ്രീ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തുകയും കാറില്‍ കയറി വെങ്കിട്ട രമണയുടെ വീട്ടിലേക്കു പോവുകയുമായിരുന്നു. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന വെങ്കിട്ടരമണയ്ക്ക് ധാരാളം പണം ലഭിച്ചിരുന്നു. രൂപശ്രീയെ ഇയാള്‍ സാമ്ബത്തികമായി കൈയയച്ച്‌ സഹായിക്കുകയും ചെയ്തിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വെങ്കിട്ടരമണയായിരിക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി രൂപശ്രീയുടെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ജനുവരി 16 ന് കാണാതായ രൂപശ്രീയുടെ മൃതദേഹം 18 ന് പുലര്‍ച്ചെ കുമ്ബള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *