പി.എസ്.സി കേരള ഭരണ സർവീസി (കെ.എ.എസ്.) ലേക്കുള്ള ആദ്യ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും.2020 ഫെബ്രുവരിയിലായിരിക്കും പ്രാഥമിക പരീക്ഷ നടത്തുന്നത്.2020 നവംബർ ഒന്നിനു ആദ്യ ബാച്ച് റാങ്ക്പട്ടിക തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്.വിജ്ഞാപനം പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്.വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയർമാൻ എം.കെ. സക്കീർ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് നടത്തും.അതിനുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് പ്രസിദ്ധീകരിക്കും.പി.എസ്.സി. ആസ്ഥാനത്ത് എം.കെ. സക്കീർ ഇത് പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനമാണിതെന്ന് പറഞ്ഞു.നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തിൽനിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസർമാരിൽനിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി.അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്.
ഒരുവർഷ കാലാവധിയാണ് റാങ്ക്പട്ടികയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്. നൂറിലേറെ ഒഴിവുകൾ ഉണ്ടാകുമെന്ന് കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്.പ്രാഥമിക പരീക്ഷ 200 മാർക്കിനാണ്.രണ്ട് ഭാഗമുണ്ട്. ഒ.എം.ആർ. മാതൃകയിലാണിത്. രണ്ടാംഭാഗത്തിൽ 50 മാർക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാർക്കും ഇംഗ്ലീഷിന് 20 മാർക്കും.മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാർക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാർക്കിന്.റാങ്ക്പട്ടിക മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാർക്ക് കണക്കിലെടുത്താണ് തയ്യാറാക്കുക.കെ.എ.എസ്. ലക്ഷ്യമിടുന്നത് സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐ.എ.എസിലേക്ക് സമർഥരായ ചെറുപ്പക്കാരെ നിയോഗിക്കുകയുമാണ്.യു.പി.എസ്.സി. മാനദണ്ഡങ്ങൾ പ്രകാരം കെ.എ.എസിൽ എട്ടുവർഷസേവനം പൂർത്തിയാക്കുന്നവർക്ക് ഐ.എ.എസിൽ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.