Blog Post

Karanavars > News > Keralam > ‘ഗവര്‍ണര്‍ കേരളം വിടുക’; വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി

‘ഗവര്‍ണര്‍ കേരളം വിടുക’; വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി

തിരുവനന്തപുരം: രാജ്യത്ത് ശക്തമായി പടര്‍ന്നു കൊണ്ടിരിക്കുന്ന പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ കേരളം വിട്ടു പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്‌ രാജ്ഭവനു മുന്നില്‍ പൊലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന സമരങ്ങളെ മുഖവിലക്കെടുത്ത് അമിത് ഷായും കൂട്ടരും പൗരത്വ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുംഭരണകൂട ഭീകരതയിലൂടെ ജനങ്ങളെ കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാമ്ബസുകളില്‍ നിന്ന് രൂപപ്പെട്ട സമരം ഇന്ത്യയിലുടനീളം വ്യാപിച്ചു കഴിഞ്ഞു. ബിജെപി സര്‍ക്കാന്റെ അന്ത്യം കുറിക്കാന്‍ ശക്തിയുള്ളതാണ് ഈ സമരം. ആര്‍എസ്‌എസ്സിന്റെ ഹിന്ദുത്വ രാഷ്ട്ര വാദത്തിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ സംഘടിച്ചു കഴിഞ്ഞു. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുത്താണ് ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത്. വംശീയ ഉന്മൂലനത്തിനെതിരായി നടക്കുന്ന സമരത്തെ ശക്തിപ്പെടുത്താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തെ പൗരന്മാര്‍ എല്ലാവരും തെരുവിലിറങ്ങി ഇന്ത്യയെ വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തോട് ഐക്യപ്പെടണമെന്ന് കെ.എ ഷെഫീഖ് ആവശ്യപ്പെട്ടു.

മാര്‍ച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ആദില്‍ അബ്ദുള്‍ റഹീം എന്നിവര്‍ സംസാരിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍, മുംതാസ് ബീഗം, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡണ്ട് അല്‍ മയൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

Your email address will not be published. Required fields are marked *