തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുള്ള ആക്രമണമായി മാറി. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്കും ആക്രമണത്തിനും വഴിയൊരുക്കി. ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുമ്ബ് ആലുവയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്താണ് ഹര്‍ത്താല്‍ ആക്രമണങ്ങള്‍ക്ക് തുടക്കമായത്.
പിന്നിടങ്ങോട്ട് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ചൊവ്വാഴ്ചത്തെ ഹര്‍ത്താലിന്റെ പേരില്‍ എറിഞ്ഞു തകര്‍ത്തത് 18 കെഎസ്ആര്‍ടിസി ബസുകളാണ്. ഇതില്‍ പതിമൂന്നെണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതമാണ് അറ്റകുറ്റപണിക്ക് മാത്രം ചെലവാകുക. ഇത്തരത്തില്‍ ചില്ലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 2,16,000 രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇത്രയും ബസുകളുടെ രണ്ടുദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനനഷ്ടം 25 ലക്ഷം രൂപയുമായിരിക്കും. കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്ന്നുണ്ടായവരുമാന നഷ്ടം വേറെയും.