Blog Post

Karanavars > News > Keralam > ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് വിരമിക്കുന്നു

ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് വിരമിക്കുന്നു

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് വിരമിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25-ന് ഒഡിഷയില്‍ ആരംഭിക്കുന്ന ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മറ്റൊരു സംസ്ഥാനത്തിനായി കളിച്ച ശേഷം വിരമിക്കാനാണ് തീരുമാനം.

അസോസിയേഷന്‍ ഭാരവാഹികളുടെ അവഗണനയില്‍ മടുത്താണ് വിരമിക്കല്‍ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.18 ദേശീയ ചാമ്ബ്യന്‍ഷിപ്പുകളും ആറു ദേശീയ ഗെയിംസുകളിലും കേരളത്തിന്റെ കുപ്പായമണിഞ്ഞ താരത്തിന് പക്ഷേ ഇത്തവണ സംസ്ഥാന അസോസിയേഷന്‍ അവസരം നിഷേധിക്കുകയായിരുന്നു.

ടോം ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്…

പ്രിയപ്പെട്ടവരെ,

ഞാന്‍ നിങ്ങളുടെ സ്വന്തം ടോം ജോസഫ്.

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്….

കളി അവസാനിപ്പിക്കുകയാണ്. എനിക്കറിയാം, കളി അവസാനിപ്പിക്കുക എന്നത് ഒരുകളിക്കാരനെ സംബന്ധിച്ചിടത്തോളം മരണതുല്യമാണ്. നന്ദി… ഒരുപാട് പറഞ്ഞ് പതം വന്നവാക്കാണത്. എന്നിരുന്നാലും നിങ്ങളോട് നന്ദി പറയാതിരിക്കാന്‍ എനിക്കാകില്ല. പ്രിയപ്പെട്ട വോളി പ്രേമികളെ, നിങ്ങളായിരുന്നു എനിക്കെല്ലാം. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല. കേരളത്തിലെ വോളി പ്രേമികളാണ് എന്നെ ഞാനാക്കിയത്. നിങ്ങളായിരുന്നു എന്റെ ഉത്തേജനവും ഊര്‍ജവും. നിങ്ങള്‍ ഗാലറിയിലിരുന്ന് മുഴക്കിയ ആരവങ്ങളാണ്, ആര്‍പ്പുവിളികളാണ് എന്റെ വിജയരഹസ്യവും, ശക്തിയും. സമയം അനിവാര്യമായിരിക്കുന്നു. വിരമിക്കണം.

കേരളത്തിനു വേണ്ടിയല്ലാതെ ഇതുവരെ മറ്റൊരു സംസ്ഥാനത്തിനും കളിച്ചിട്ടില്ല. അത്രമേല്‍ സ്‌നേഹിച്ചിരുന്നു, സ്‌നേഹിക്കുന്നു ഈ നാടിനെ. കേരളത്തിനുവേണ്ടിക്കളിച്ച്‌ ഉടുപ്പൂരണമെന്നതായിരുന്നു ആഗ്രഹവും അഭിലാഷവും. പക്ഷേ സംസ്ഥാന അസോസിയേഷന് ഞാന്‍ അത്രമേല്‍ അനഭിമതനായിരിക്കുന്നു. സംസ്ഥാന അസോസിയേഷനിലെ അഴിമതിയും സ്വാര്‍ഥതാല്‍പര്യങ്ങളും വിളിച്ചുപറഞ്ഞതാണ് കാരണം. കളിക്കാരന്‍ എന്ന നിലയ്ക്ക് ഇനിയും അത് ധീരമായി തുടരും. സംസ്ഥാന അസോസിയേഷന്‍, കേരളം, ഇനിയൊരവസരം തരില്ല എന്നുറപ്പുള്ളതിനാല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ തയാറെടുക്കുകയാണ്.(എതിര്‍ക്കുന്നവര്‍ വഴി മുടക്കിയില്ലെങ്കില്‍) വരുന്ന നാഷണല്‍ ചാമ്ബ്യന്‍ഷിപ്പില്‍ മറ്റൊരു സംസ്ഥാനത്തിന്റെ കുപ്പായത്തില്‍ ഞാന്‍ ഉണ്ടാകും.

അതെന്റെ ഒടുവിലത്തെ മത്സരമാവും. അതോടെ കളിക്കാരന്‍ എന്ന ലേബല്‍ ഉപേക്ഷിക്കും. ഒരു പക്ഷേ ആ അവസരവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ സജീവമായുണ്ട് എന്ന അറിവോടെയാണ് ഈ ഉദ്യമം. 18 ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിനായി കളിച്ചു. ആറു ദേശീയ ഗെയിംസുകളില്‍ കേരളത്തിന്റെ ഉടുപ്പണിഞ്ഞു. മൂന്ന് സാഫ് ഗെയിംസ് സുവര്‍ണ പതക്കങ്ങളുണ്ട്. രണ്ട് ഏഷ്യല്‍ ഗെയിംസ് പ്രാതിനിധ്യവും. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, മറ്റ് രാജ്യാന്തര ടൂര്‍ണമെന്റ് പ്രാതിനിധ്യം എന്നിവ വേറെ. അതിനൊക്കെയപ്പുറം ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതിയും …

സംതൃപ്തനാണ് ഞാന്‍. എനിക്കെല്ലാം തന്നത് വോളിബോളാണ്. കളിക്കളങ്ങള്‍, ജീവിതം, സ്‌നേഹം, തൊഴില്‍. അങ്ങനെയങ്ങനെ… എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളു. സ്‌നേഹിച്ചവരോട്. ഇഷ്ടപ്പെട്ടവരോട്. കയ്യടിച്ചവരോട്. ആര്‍പ്പുവിളിച്ചവരോട്. ഒപ്പം നിന്ന് ഒളിച്ചുകളിച്ചവരോട്.ഒറ്റുകൊടുത്തവരോട്. ഉപദ്രവിച്ചവരോട്. ഉപദ്രവിക്കുന്നവരോട്. അവസരങ്ങള്‍ നിഷേധിച്ചവരോട്. എല്ലാവര്‍ക്കും ആത്മാര്‍ഥമായ നന്ദി… പുതുതലമുറയില്‍ പ്രതീക്ഷയുണ്ട്. അവര്‍ക്ക് ഒരുപാട് മുന്നേറാനാകും. പുതിയവരെ നിങ്ങളൊന്നറിയുക. കളിക്കളത്തിനുപുറത്തെ കളി എനിക്ക് വശമില്ലായിരുന്നു. അധികാരത്തിലല്ല. പ്രതിഭത്വത്തിലാണ് നിങ്ങള്‍ വിശ്വസിക്കേണ്ടത്. കളിയറിയാത്തവര്‍ നിങ്ങളെ അധികാരത്തിനായി നിയന്ത്രിക്കാനെത്തിയേക്കാം. അതില്‍ വീഴാതിരിക്കുക. അധികാരവും, ശക്തിയുമുള്ളവരോടപ്പമാകും ഭരണകൂടവും എന്നോര്‍മിപ്പിക്കട്ടെ…

എല്ലാവര്‍ക്കും നന്ദി…

ടോം ജോസഫ്.

Leave a comment

Your email address will not be published. Required fields are marked *