Blog Post

Karanavars > News > Keralam > മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായിരിക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. തുടര്‍ന്ന് നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം ബാധകമാണ്. 24 മണിക്കൂറില്‍ 64.5 നാളെമില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് നിലവിൽ.

മന്നാര്‍ കടലിടുക്കിനും തെക്കന്‍ തമിഴ്‌നാട് തീരത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് ആരംഭിച്ച് വടക്കന്‍ തമിഴ്‌നാടും വടക്കന്‍ കേരളവും വഴി മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദപാത്തി കൂടി നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ സജീവമാകാന്‍ കാരണം.

ഉയര്‍ന്ന മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടിമിന്നല്‍ അപകടകരമായതിനാല്‍ കാർമേഘം കണ്ട്തുടങ്ങുമ്പോൾ തന്നെ പൊതുജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും, ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *