വിവാഹച്ചടങ്ങുകൾക്ക് കൃത്യസമയത്ത് സദ്യയും ഭക്ഷണവും എത്തിക്കാതെ ലക്ഷക്കണക്കിന് രൂപ തട്ടിയ കേറ്ററിംഗ് സ്ഥാപന ഉടമ ഒടുവിൽ പൊലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം കേറ്ററിംഗ്’ ഉടമ വിഷ്ണു മോഹനനെയാണ് കോട്ടയം പൊലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ പരസ്യങ്ങളിലൂടെയും വൻ പ്രചാരണം നൽകി ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന വിവാഹ ചടങ്ങുകളിലാണ് ഇയാളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും വഞ്ചനയുണ്ടായത്. ചോറ്റി, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വിവാഹങ്ങൾക്കാണ് സദ്യയും വെള്ളം പോലും ഒരുക്കാതെ ഇയാൾ വധൂവരന്മാരുടെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്. ഗൂഗിൾ പേ വഴിയും അല്ലാതെയുമായി മുൻകൂറായി മൂന്ന് ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ ആവശ്യ സമയത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
ബന്ധുക്കളും അതിഥികളും പട്ടിണിയാകുമെന്ന അവസ്ഥ വന്നതോടെ, മറ്റ് ഹോട്ടലുകളിൽ നിന്നും കാറ്ററിംഗ് സംഘങ്ങളിൽ നിന്നും ഉയർന്ന തുകയ്ക്ക് ഭക്ഷണവസ്തുക്കൾ വരുത്തിയാണ് പലരും ഈ പ്രതിസന്ധി മറികടന്നത്. വിവാഹപ്പന്തലിൽ വച്ച് അപമാനിക്കപ്പെട്ടതിനെ തുടർന്ന് കുടുംബങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെയും തുടർന്നുള്ള ദിവസങ്ങളിലുമായി ലഭിച്ച വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സോഷ്യൽ മീഡിയ വഴിയുള്ള വാഗ്ദാനങ്ങളിൽ വീണ് ഇത്തരം വ്യാജ ഇവന്റ് മാനേജ്‌മെന്റ് – കാറ്ററിംഗ് സ്ഥാപനങ്ങൾ വഞ്ചിക്കുന്നത് തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.