ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എൽഡെൻസയെ (CD Eldense) സ്വന്തമാക്കുന്നതിനുള്ള അന്തിമ ധാരണയിലെത്തി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും അതായത് നൂറുശതമാനവും വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവിലെ ഉടമസ്ഥരായ കൊളംബിയൻ നിക്ഷേപ ഗ്രൂപ്പുമായി താരം ധാരണയിലായതായി ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കായിക ലോകത്ത് വലിയ ചർച്ചയായി മാറിയ ഈ പുതിയ നീക്കത്തിലൂടെ, യൂറോപ്യൻ പ്രൊഫഷണൽ ഫുട്ബോളിൽ മെസ്സിയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ക്ലബ്ബായി എൽഡെൻസ മാറുകയാണ്. സ്പാനിഷ് ഫുട്ബോളിന്റെ രണ്ടാം ടയറായ ലാലിഗ 2-ൽ (LaLiga 2) മത്സരിക്കുന്ന ക്ലബ്ബാണ് എൽഡെൻസ. സ്പാനിഷ് കൗൺസിൽ ഫോർ സ്പോർട്സിന്റെ (CSD) ഔദ്യോഗിക അനുമതിയും മറ്റ് നിയമപരമായ നടപടികളും പൂർത്തിയാകുന്നതോടെ ഏറ്റെടുക്കൽ നടപടികൾ പൂർണ്ണമാകും.
തന്റെ കളിജീവിതത്തിന് അപ്പുറത്തേക്ക് ഫുട്ബോൾ ലോകത്ത് ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെസ്സി ഈ പുതിയ ചുവടുവപ്പ് നടത്തിയിരിക്കുന്നത്. നേരത്തെ സ്പാനിഷ് ലോവർ ഡിവിഷൻ ക്ലബ്ബായ കോർണെല്ലയെയും (UD Cornellà) മെസ്സി വാങ്ങിയിരുന്നു. കൂടാതെ, ഇന്റർ മിയാമിയിലെ സഹതാരം ലൂയിസ് സുവാരസുമൊത്ത് ഉറുഗ്വേൻ ക്ലബ്ബായ ഡെപോർട്ടിവോ എൽ.എസ്.എമ്മും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, പരിശീലകനായ ക്ലോഡിയോ ബറാഗാനെ ഒഴിവാക്കിയ എൽഡെൻസ ക്ലബ് ഇപ്പോൾ പുതിയ മാനേജറെ തേടിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ പ്രാരംഭ മത്സരങ്ങളിൽ പ്രതീക്ഷിച്ചപോലെ തിളങ്ങാൻ കഴിയാത്ത ക്ലബ്ബിന് മെസ്സിയുടെ വരവ് പുതിയ ഉണർവ് നൽകുമെന്നാണ് ആരാധകരുടെയും ക്ലബ് മാനേജ്മെന്റിന്റെയും പ്രതീക്ഷ. ബാഴ്സലോണയിലൂടെ ലോകത്തിന്റെ നെറുകെയിലെത്തിയ മെസ്സി തന്റെ കരിയറിലെ മറ്റൊരു പുതിയ അധ്യായത്തിനാണ് സ്പെയിനിൽ തുടക്കം കുറിക്കുന്നത്.