കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പേരാമ്പ്ര അർബൻ നിധി ലിമിറ്റഡ് ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ. രതീഷ്, ചെറുകുന്നുമ്മൽ സി. ജനിൽകുമാർ എന്നിവരാണ് പിടിയിലായത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപയും സ്വർണവും തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. രണ്ട് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ, റൂറൽ എസ്.പി സ്ക്വാഡിന്റെയും പേരാമ്പ്ര പൊലീസിന്റെയും സംയുക്ത നീക്കത്തിനൊടുവിലാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്.
കൊയിലാണ്ടിയിലും പേരാമ്പ്ര-മേപ്പയൂർ റോഡിലുമായാണ് ഇവർ പിടിയിലായത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ടാണ് കീഴ്പെടുത്തിയത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുകയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.