സംസ്ഥാനത്ത് അസാധാരണമായ വൈദ്യുതി മുടക്കവും അപ്രഖ്യാപിത പവർകട്ടും ജനജീവിതം ദുസ്സഹമാക്കുന്നു. കടുത്ത ചൂടും മഴക്കുറവും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി തടസ്സമുണ്ടായത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പലതവണ വൈദ്യുതി നിലയ്ക്കുന്ന സാഹചര്യം തുടരുകയാണ്. വൈകിട്ട് മുതൽ രാത്രി വൈകിയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു അറിയിപ്പെങ്കിലും, മിക്കയിടങ്ങളിലും ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ട്. കൽക്കരിക്ഷാമം മൂലം പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ കഴിയാത്തതും പവർ എക്സ്ചേഞ്ചിലെ പ്രതിസന്ധിയുമാണ് തിരിച്ചടിയായത്.