രാജ്യത്ത് ഗോതമ്പിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായി പിൻവലിച്ചതിന് പിന്നാലെ, ആഭ്യന്തര വിപണിയിൽ വിലയിൽ വൻ വർധന. പ്രധാന വിപണികളിൽ ഇന്ന് ഗോതംഗിന് ക്വിന്റലിന് 150 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. വർഷങ്ങളായി നിലനിന്നിരുന്ന കർശന നിയന്ത്രണങ്ങളാണ് നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ ലഘൂകരിച്ചിരിക്കുന്നത്.
രാജ്യത്ത് ഗോതമ്പിന്റെ കരുതൽ ശേഖരം ശക്തമാണെന്നും ഉൽപ്പാദന സാഹചര്യം അനുകൂലമാണെന്നും വിലയിരുത്തിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഗോതമ്പിന് പുറമെ ആട്ട, മൈദ, റവ തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ട്. ഈ നയം മാറ്റത്തോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വലിയ അവസരങ്ങളാണ് തുറക്കപ്പെട്ടിരിക്കുന്നത്.
കയറ്റുമതി സാധ്യതകൾ സജീവമായതോടെ മില്ലുടമകളും വ്യാപാരികളും വിദേശ വിപണികളിൽ നിന്നുള്ള ഓർഡറുകൾക്കായി ശ്രമംതുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യൻ ഗോതമ്പിന് ആവശ്യകത വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിങ്കടൽ മേഖലയിലെ ആഗോള വിതരണ തടസ്സങ്ങളും അന്താരാഷ്ട്ര വിപണിയിൽ വില ഉയരാൻ കാരണമായിട്ടുണ്ട്.
ഈ സാഹചര്യം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എങ്കിലും, ആഭ്യന്തര വിപണിയിൽ സാധാരണക്കാരെ ബാധിക്കുന്ന രീതിയിൽ വിലക്കയറ്റം രൂക്ഷമാകാതിരിക്കാൻ സർക്കാർ വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.