Blog Post

Karanavars > News > Accident > പാലക്കാട് കല്ലടിക്കോട് ലോറികൾ കൂട്ടിയിടിച്ച് കത്തിനശിച്ചു ; പൊള്ളലേറ്റ ഡ്രൈവർ  മരിച്ചു

പാലക്കാട് കല്ലടിക്കോട് ലോറികൾ കൂട്ടിയിടിച്ച് കത്തിനശിച്ചു ; പൊള്ളലേറ്റ ഡ്രൈവർ  മരിച്ചു

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ ഭീകരമായ തീപിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ഇന്ന് പുലർച്ചെയോടെ വൻ ദുരന്തമുണ്ടായത്.

അപകടത്തിൽ അറക്കപ്പൊടി കയറ്റിയ ലോറി ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ധീൻ (28) ആണ് പൊള്ളലേറ്റ് ദാരുണമായി മരിച്ചത്. വാഹനം കൂട്ടിയിടിച്ച ഉടൻ തന്നെ ഇരു ലോറികളിലേക്കും തീ പടരുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടർന്നതിനാൽ ഡ്രൈവർക്ക് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 5:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് തീയണയ്ക്കാനുള്ള തീവ്രശ്രമം നടത്തിയത്. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.

അപകടത്തെ തുടർന്ന് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പോലീസ് എത്തിയാണ് പിന്നീട് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *