അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാർത്താ റിപ്പോര്‍ട്ടുകളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും പശ്ചാത്തലത്തിൽ, പ്രമുഖ സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ ഗുജറാത്ത് പൊലീസിന്റെ വ്യാപക റെയ്ഡ്. ഇന്നലെ കേരളത്തിലും ഡൽഹിയിലുമുള്ള അദ്ദേഹത്തിന്റെ വസതികളിലാണ് ഒരേസമയം പൊലീസ് പരിശോധന നടത്തിയത്.
അദാനി ഗ്രൂപ്പിനെതിരെ വ്യാജ രേഖകൾ ചമച്ചു എന്നാരോപിച്ച് അദാനി പോർട്സ് ആൻഡ് സെസ് (APSEZ) അധികൃതരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എൽ.ഐ.സി (LIC) അദാനി ഗ്രൂപ്പിൽ കോടികളുടെ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ (The Washington Post) പത്രത്തിൽ രവി നായർ സഹ-എഴുത്തുകാരനായി തയ്യാറാക്കിയ റിപ്പോർട്ടും, അതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകളുമാണ് കേസിനാധാരം.
ഗുജറാത്ത് ഹൈക്കോടതി അദ്ദേഹത്തിന്റെ ക്വാഷിംഗ് ഹർജി തള്ളിയതിന് പിന്നാലെയാണ് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് പ്രകാരം പൊലീസ് പരിശോധന നടത്തിയത്. റെയ്ഡിനിടെ കേരളത്തിൽ നിന്ന് രവി നായരുടെ ഫോണുകളും, ഡൽഹിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തിന്റെ മകന്റെ ലാപ്ടോപ്പും അവിടെയെച്ചിരുന്ന സഹപ്രവർത്തകയുടെ ഐപാഡ്, ലാപ്ടോപ്പ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രസ്‌ക്ലബുകളും മാധ്യമ പ്രവർത്തകരും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.