രാജ്യവ്യാപകമായി ഏറെ കോളിളക്കം സൃഷ്ടിച്ച നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ച കേസിൽ ദില്ലി റോസ് അവന്യൂവിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഇന്ന് നിർണായക നടപടികൾ ആരംഭിക്കുന്നു. കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഫയലിൽ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ ജഡ്ജ് അജയ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തുന്നതു സംബന്ധിച്ച വാദപ്രതിവാദങ്ങളിലേക്ക് കടക്കുന്നത്.
തിഹാർ ജയിലിൽ കഴിയുന്ന 13 പ്രതികളെയും ഇന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വിദഗ്ധരും കോച്ചിംഗ് സെന്റർ ഉടമകളും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, കുറ്റപത്രത്തിലെ വിവരങ്ങളും പ്രായപൂർത്തിയാകാത്ത സാക്ഷികളുടെ പേരുകളും മാധ്യമങ്ങളിൽ വന്നതിൽ കോടതി ഇന്നലെ കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തിയിരുന്നു. വിചാരണയുടെ നിഷ്പക്ഷതയെ ബാധിക്കുന്ന രീതിയിലുള്ള മാധ്യമ റിപ്പോർട്ടിംഗുകൾക്കെതിരെ ജാഗ്രത വേണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ സിബിഐയുടെ വിശദമായ വാദങ്ങൾ ഇന്ന് കോടതിയിൽ നടക്കും.