ആഗോള വിപണികളിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ച പുതിയ പണനയ പ്രകാരം, നിലവിലുള്ള റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരും. ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയിൽ വിലയിലുള്ള ചാഞ്ചാട്ടങ്ങളും രാജ്യത്തിന്റെ പണപ്പെരുപ്പത്തെയും വളർച്ചയെയും ബാധിക്കാതിരിക്കാൻ ‘കാത്തിരുന്ന് കാണാം’ എന്ന ജാഗ്രതാ നയമാണ് കേന്ദ്ര ബാങ്ക് സ്വീകരിച്ചിട്ടുള്ളത്.
റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഭവന, വാഹന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (EMI) തുകകളിൽ തൽക്കാലം വർദ്ധനവ് ഉണ്ടാകില്ല. ഇത് സാധാരണക്കാർക്കും ബിസിനസ്സ് മേഖലയ്ക്കും ആശ്വാസകരമാണ്. സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5 ശതമാനത്തിലും, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 5.5 ശതമാനത്തിലും നിലനിർത്തിയിട്ടുണ്ട്. പണപ്പെരുപ്പം ലക്ഷ്യബോധത്തോടെ നിയന്ത്രിക്കാനും വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് റിസർവ് ബാങ്കിന്റെ ഈ നടപടി.