തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരുമ്പോൾ, കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിലർ സ്ഥാനം സംബന്ധിച്ച വിഷയം രാഷ്ട്രീയമായി വലിയ ചർച്ചയാകുന്നു. തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ അയോഗ്യത വരാതിരിക്കാൻ സുഗതന് വേണ്ടി അഭിഭാഷകർ മുഖേന മേയർക്ക് അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷ കൗൺസിൽ അംഗീകാരത്തിനായി സമർപ്പിക്കുമ്പോഴുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇന്നത്തെ യോഗത്തെ നിർണായകമാക്കുന്നത്.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ അംഗീകൃത അവധിയില്ലാതെ വിട്ടുനിന്നാൽ കൗൺസിലർക്ക് അയോഗ്യത സംഭവിക്കും. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവിൽ കഴിയുന്ന സുഗതൻ ഇതിനോടകം കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കാത്തപക്ഷം അത് മൂന്നാമത്തെ യോഗമായി കണക്കാക്കപ്പെടുമെന്നും, അയോഗ്യത ഒഴിവാക്കാൻ മേയർ മുഖേന അവധി പാസാക്കാനാണ് ഭരണപക്ഷമായ ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ മുന്നണികൾ ആരോപിക്കുന്നു.
എന്നാൽ, കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന ഒരാൾക്ക് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഔദ്യോഗികമായി അവധി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് എൽഡിഎഫും യുഡിഎഫും. ഭരണപക്ഷം ഈ വിഷയം അനുകൂലമായി തീർക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതിരോധിക്കുമെന്നും, യോഗത്തിൽ സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
വധശ്രമക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതന്റെ ആറുമാസത്തെ കാപ്പ തടവ് നേരത്തെ കാപ്പ ഉപദേശക സമിതി ശരിവെച്ചിരുന്നു. ചെറിയ ഭൂരിപക്ഷത്തിൽ ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറുടെ ജയിൽവാസവും അയോഗ്യതാ ഭീഷണിയും ഭരണപക്ഷത്തിന് കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്പോരുകൾക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.