കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശി ബിജു (49) അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഈ മാസം 23-നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ, രോഗിയോ അദ്ദേഹവുമായി അടുപ്പമുള്ളവരോ അടുത്തിടെ വീടിന് പുറത്തുപോവുകയോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. ഇതിനാൽ രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ബിജുവിന്റെ വീടിന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
തലച്ചോറിനെ ബാധിക്കുന്ന ഈ അപൂർവ്വ രോഗത്തിന്റെ പശ്ചാത്തലത്തിൽ ജലാശയങ്ങളുമായി ഇടപഴകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങളും കർശന നിരീക്ഷണവും തുടർന്നുവരുന്നു.