സ്ത്രീകളുടെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതവും ആശങ്കരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക ‘പിങ്ക് ബസ്’ സർവീസുകൾ നാളെ (വ്യാഴാഴ്ച) തിരുവനന്തപുരത്ത് ഔദ്യോഗികമായി നിലവിൽവരും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ സുപ്രധാന കാൽവെപ്പ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലയിൽ ഈ സേവനം ആരംഭിക്കുന്നത്.
തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെയുള്ള റൂട്ടിലാണ് ആദ്യ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കിഴക്കേകോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി തുടങ്ങിയ പ്രധാന പ്രദേശങ്ങൾ വഴിയാണ് ഈ പിങ്ക് ബസുകൾ സർവീസ് നടത്തുക. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 10:45 വരെയാണ് ഈ പ്രത്യേക ബസുകളുടെ സേവനം വനിതാ യാത്രക്കാർക്ക് ലഭ്യമാകുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് ലിങ്ക് മാതൃകയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ വിജയത്തിന് പിന്നാലെയാണ് രാത്രിയാത്രയിലെ സുരക്ഷ മുൻനിർത്തി പുതിയ പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുന്നത്. നിലവിലുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് സുരക്ഷിതമായി വീടുകളിലും ലക്ഷ്യസ്ഥാനങ്ങളിലും എത്തിച്ചേരാൻ ഈ പദ്ധതി ഏറെ സഹായകരമാകും എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിലയിരുത്തൽ. ഭാവിയിൽ കൂടുതൽ പ്രധാന റൂട്ടുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ കോർപ്പറേഷൻ ലക്ഷ്യമിടുന്നുണ്ട്.