Blog Post

Karanavars > News > International > ഗ്യാനേഷ് കുമാറിനെതിരായ കേസ്: 20 വർഷം പഴക്കമുള്ള ഫയലിൽ അപാകതയില്ലെന്ന് വിജിലൻസ്; പുനരന്വേഷണ സാധ്യത മങ്ങുന്നു

ഗ്യാനേഷ് കുമാറിനെതിരായ കേസ്: 20 വർഷം പഴക്കമുള്ള ഫയലിൽ അപാകതയില്ലെന്ന് വിജിലൻസ്; പുനരന്വേഷണ സാധ്യത മങ്ങുന്നു

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയര്‍ന്ന 20 വർഷം പഴക്കമുള്ള ആരോപണങ്ങളിൽ പുതിയ അന്വേഷണത്തിനുള്ള സാധ്യതകൾ മങ്ങുന്നു. വിജിലൻസ് മുൻപ് നടത്തിയ പ്രാഥമിക പരിശോധനയിൽ അപാകതകളൊന്നുമില്ലെന്നും അന്ന് നടത്തിയ അന്വേഷണവും ഫയലുകളിലെ കണ്ടെത്തലുകളും കൃത്യമാണെന്നുമാണ് വിജിലൻസിന്റെ നിലവിലെ വിലയിരുത്തൽ.

കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ, കെഎസ്ടിപി (KSTP) റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നിരുന്നു. എംസി റോഡ് നിർമാണ കരാർ ഏറ്റെടുത്ത പതിബെൽ എന്ന ഇൻഡോ-മലേഷ്യൻ കൺസോർഷ്യം പ്രോജക്ട് മാനേജർ ലീ സീ ബിന്നിന്റെ ആത്മഹത്യയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമായിരുന്നു അന്ന് ഉയർന്ന ആരോപണങ്ങൾക്ക് ആധാരം. ഈ കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ അടുത്തിടെ പരാതി നൽകിയിരുന്നു. തുടർന്ന് പഴയ ഫയലുകൾ വീണ്ടെടുത്ത് പുനരന്വേഷണം നടത്തുന്ന കാര്യത്തിൽ പരിശോധന നടത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ 2006-ൽ വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഉയർന്ന ആരോപണങ്ങൾക്ക് തെളിവുകളോ കഴമ്പോ ഇല്ലെന്ന് കണ്ട് ഫയൽ ക്ലോസ് ചെയ്തതാണെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. കേട്ടുകേൾവികളുടെയും പത്രവാർത്തകളുടെയും മാത്രം അടിസ്ഥാനത്തിലുള്ള പുതിയ പരാതിയിൽ വീണ്ടും നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ പരിമിതികളുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്.

ഇന്ന് ലഭ്യമാകുന്ന വിവരമനുസരിച്ച്, പഴയ പ്രാഥമിക പരിശോധനാ ഫയലുകൾ വീണ്ടും കൃത്യമായി വിലയിരുത്തിയ വിജിലൻസ്, അന്വേഷണ റിപ്പോർട്ടിൽ സംശയകരമായ ഒന്നുമില്ലെന്ന് വിലയിരുത്തുകയായിരുന്നു. ഇതോടെ രാഷ്ട്രീയ തലത്തിലും ഭരണതലത്തിലും ഏറെ ചർച്ച സൃഷ്ടിച്ച പുനരന്വേഷണ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വിഷയത്തിൽ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിനായി വിജിലൻസ് ഡയറക്ടർ ഈ പരാതി ആഭ്യന്തര വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *