തൃശൂരിന്റെ കായിക പെരുമയ്ക്ക് തിളക്കമേറ്റി സംസ്ഥാന സ്കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ സ്വന്തമാക്കി ലിയാ പോൾ. വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരങ്ങളിൽ ഓപ്പൺ സൈറ്റ് എയർ റൈഫിൾ വിഭാഗത്തിലാണ് ഈ മിടുമിടുകി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സാധാരണ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും മാത്രം ഷൂട്ടിങ് റേഞ്ചിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ തൃശൂർ ചേറുംകുഴി സ്വദേശിനി.
എൻ.സി.സിയിൽ അംഗമായിരുന്ന കാലത്താണ് ലിയക്ക് ഷൂട്ടിങ് ഗെയിമിനോട് താൽപ്പര്യമുണ്ടാകുന്നത്. തുടർന്ന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ തൃശൂർ ജില്ലാ റൈഫിൾ അസോസിയേഷൻ ഹെഡ് കോച്ച് കെ.യു. വിനേഷിന്റെ കീഴിൽ പരിശീലനം ആരംഭിക്കുകയായിരുന്നു. ദിവസങ്ങളോളം നീണ്ട കഠിനമായ പരിശീലനവും ഏകാഗ്രതയും ലക്ഷ്യബോധവുമാണ് ഇന്ന് ലിയയെ വിജയത്തിലേക്ക് നയിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവറായ ബിജുവിന്റെയും ജെൻസിയുടെയും മകളായ ലിയ, തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.
ലിയയുടെ ഈ മിന്നുന്ന വിജയം തൃശൂർ ജില്ലയ്ക്ക് മൊത്തത്തിൽ അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. ജില്ലയിലെ കായിക പ്രതിഭകളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ സീനിയർ വിഭാഗത്തിൽ തൃശൂർ ടീം ഓവറോൾ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം കായികരംഗത്തും തിളങ്ങാൻ കഴിയുമെന്നും, ഷൂട്ടിങ് തന്റെ ഏകാഗ്രത വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചിട്ടുണ്ടെന്നും ലിയ വ്യക്തമാക്കുന്നു.
ദേശീയ മത്സരങ്ങളിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിന്റെ ഭാഗമാകുക എന്നതാണ് ലിയാ പോളിന്റെ ഇനിയുള്ള വലിയ സ്വപ്നം. നാട്ടിൻപുറത്തിന്റെ സ്വപ്നങ്ങളും കഠിനാധ്വാനവും കൈമുതലാക്കി മുന്നേറുന്ന ഈ യുവ ഷൂട്ടർക്ക് എല്ലാവിധ പിന്തുണയുമായി പരിശീലകരും കുടുംബവും ഒപ്പമുണ്ട്. ഒട്ടനവധി കായിക പ്രതിഭകൾക്ക് മാതൃകയായി മാറുകയാണ് ലിയാ പോളിപ്പോൾ.