Blog Post

Karanavars > News > Politics > ‘മാറ്റങ്ങൾ നേരത്തെ തോന്നേണ്ടിയിരുന്നു’; തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിന്റെ തുറന്നുപറച്ചിൽ

‘മാറ്റങ്ങൾ നേരത്തെ തോന്നേണ്ടിയിരുന്നു’; തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിന്റെ തുറന്നുപറച്ചിൽ

ഇന്നലെ നടന്ന പാര്‍ട്ടി ചര്‍ച്ചകളില്‍, തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ പാളച്ചകളെക്കുറിച്ച് തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ നന്നാവുമായിരുന്നുവെന്നും, തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന ചിന്ത വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ചതിന്റെ സുഖവും അഹങ്കാരവും പാര്‍ട്ടിയില്‍ പ്രകടമായെന്നും, ‘ഭരണം മതി സമരം വേണ്ട’ എന്ന ചിന്ത സംഘടനയെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കല്ല വീഴ്ച പറ്റിയതെന്നും, മറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി ഒപ്പം കൂട്ടുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുകയാണുണ്ടായതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കെതിരെ എതിരാളികള്‍ ഉന്നയിച്ച അഴിമതിയാരോപണങ്ങളും അപഖ്യാതികളും ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി. സഹകരണ ബാങ്ക് വിവാദങ്ങളും ചില തെറ്റായ പ്രവണതകളും ജനങ്ങളില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ആഴത്തില്‍ പതിയാന്‍ കാരണമായി. വരുംകാലങ്ങളില്‍ ഈ ദൗർബല്യങ്ങൾ പൂർണ്ണമായും മറികടക്കുമെന്നും, സംഘടനാ സംവിധാനങ്ങൾ അടിമുടി നന്നാക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും, ജനങ്ങളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിച്ച് വര്‍ഗ-ബഹുജന അടിത്തറ വീണ്ടും ശക്തിപ്പെടുത്തുമെന്നും തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കുകയുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *