Blog Post

Karanavars > News > crime > ലഹരി വിപത്ത് : മൂന്നാറിൽ മകനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു

ലഹരി വിപത്ത് : മൂന്നാറിൽ മകനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു

ഇടുക്കി മാങ്കുളം ആനക്കുളത്ത് ലഹരിക്കടിമയായ മകന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെ പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനക്കുളം ഉടുമ്പയ്ക്കൽ ജോയിയുടെ മകൻ ജസ്റ്റിൻ ജോയ് (27) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പിതാവ് ജോയി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം.

നാളുകളായി ലഹരിക്ക് അടിമയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിൻ. ഇയാൾ സ്ഥിരമായി വീട്ടിലെത്തി മാതാപിതാക്കളെ മർദ്ദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മകന്റെ അതിക്രമങ്ങൾ കൂടിയതോടെ ജീവഭയം കാരണം മാതാപിതാക്കൾ കഴിഞ്ഞ രണ്ടു ദിവസമായി വീടുവിട്ട് സമീപത്തെ ബന്ധുവീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്.

ലഹരി ശല്യം സഹിക്കവയ്യാതായതോടെ മകനെ ഡി-അഡിക്‌ഷൻ സെന്ററിൽ എത്തിച്ചു ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കൊപ്പം മൂന്നാർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ജസ്റ്റിനെ വിളിപ്പിച്ചിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് ഇന്നലെ രാവിലെ വീട്ടിലെത്തിയ ജസ്റ്റിൻ മാതാപിതാക്കളുമായി വീണ്ടും വഴക്കുണ്ടാക്കിയത്.

തുടർന്ന് ഇരുവരും തമ്മിലുണ്ടായ കയ്യാങ്കലിക്കിടെ പ്രകോപിതനായ പിതാവ് ജോയി, സമീപത്തുണ്ടായിരുന്ന കമ്പുകൊണ്ട് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൃത്യത്തിനുശേഷം വിഷം കഴിച്ച ജോയിയെ നാട്ടുകാരുടെ വിവരമറിയിക്കലിനെ തുടർന്ന് പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ള ജോയ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *