തിയറ്ററുകളിലെ ഭക്ഷണവസ്തുക്കളുടെ അമിതവിലക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കുകൾക്കും അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.
പൊതുവിപണിയിൽ 25 മുതൽ 35 രൂപ വരെ മാത്രം നിർമാണച്ചെലവുള്ള പോപ്കോണിന് തിയറ്ററുകളിൽ 100 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രമുഖ മാളുകളിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ ഈ കൊള്ളയടി വ്യക്തമാക്കുന്ന തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. 250 രൂപ നൽകി ടിക്കറ്റെടുത്ത് സിനിമ കാണാൻ കയറുന്ന സാധാരണക്കാർ, ലഘുഭക്ഷണങ്ങൾക്കായി മാത്രം അഞ്ഞൂറിലധികം രൂപ നൽകേണ്ടി വരുന്ന ദയനീയ സാഹചര്യമാണുള്ളതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് വ്യക്തമാക്കി. തിയറ്ററുകളിലെ ഈ ചൂഷണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്.
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവർ ചേർന്നാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. പല തിയറ്ററുകളിലെയും കഫെറ്റീരിയകളിൽ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതായും അനുവദനീയമായതിൽ കൂടുതൽ വില ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിവിധ തിയറ്ററുകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകുകയും സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തിയറ്ററുകളിലെ ഇത്തരം ഉപഭോക്തൃ ചൂഷണങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം.