ഉത്തർപ്രദേശിൽ എംഎൽഎമാരുടെ വികസന ഫണ്ടുകൾ അനുവദിക്കുന്നതിൽ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മാധ്യമ അന്വേഷണം. സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരിക്കുന്ന ഈ വാർത്ത ഇന്നാണ് പുറത്തുവന്നത്. പ്രമുഖ മാധ്യമമായ ‘ദൈനിക് ഭാസ്‌കർ’ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് (സ്റ്റിംഗ് ഓപ്പറേഷൻ) ജനപ്രതിനിധികളുടെ അഴിമുഖം ക്യാമറയിൽ പതിഞ്ഞത്.
റോഡുകൾ, ഓടകൾ, തെരുവ് വിളക്കുകൾ തുടങ്ങിയ വികസന പദ്ധതികൾക്കായി ഫണ്ട് ശുപാർശ ചെയ്യാൻ ഒരു എൻജിഒ മാനേജരായി ചമഞ്ഞ മാധ്യമപ്രവർത്തകൻ സമീപിച്ചപ്പോഴാണ് എംഎൽഎമാരുടെ കള്ളക്കളി പുറത്തായത്. ഫണ്ട് ശുപാർശ ചെയ്യുന്നതിന് മുൻപ് തന്നെ ഭരണപക്ഷമായ ബിജെപിയുടെയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെയും (എസ്പി) എംഎൽഎമാർ 35 ശതമാനത്തോളം കമ്മീഷൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സാധാരണക്കാരുടെ ഉന്നമനത്തിനായി സർക്കാർ അനുവദിക്കുന്ന തുകയിൽ വലിയൊരു ഭാഗം വികസന പ്രവർത്തനങ്ങൾക്ക് എത്തുന്നതിന് മുൻപ് തന്നെ ജനപ്രതിനിധികളുടെ കൈകളിലേക്ക് കോഴയായി ചോർന്നുപോകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ രഹസ്യ ക്യാമറ ഓപ്പറേഷൻ.
ഫണ്ട് നൽകുന്നതിന് കൃത്യമായ ശതമാനം കമ്മീഷൻ ഉറപ്പിക്കുന്ന എംഎൽഎമാരുടെ നടപടി മണ്ഡലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവാരത്തെയും സുതാര്യതയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ഇതിനോടകം ശക്തമായിട്ടുണ്ട്. വികസന ഫണ്ടിലെ കമ്മീഷൻ കുംഭകോണം വ്യക്തമാക്കുന്ന ഈ തെളിവുകൾ പുറത്തുവന്നതോടുകൂടി ഉത്തർരാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുങ്ങിയിരിക്കുകയാണ്. കുടുങ്ങിയ എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾ വേണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.