ലോകത്തിന്റെ ഊർജ്ജ വിപണിയെ നിയന്ത്രിക്കുന്ന നിർണായക ജലപാതയായ ഹോര്‍മുസ് കടലിടുക്കിന് ‘ട്രംപ് സ്ട്രെയിറ്റ്’ (Trump Strait) എന്ന് പേരുമാറ്റണമെന്ന് പുതിയ നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്നലെ (ബുധനാഴ്ച) തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവാദ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ഇറാനുമായി നിലനിൽക്കുന്ന കടുത്ത സംഘർഷത്തിനിടയിലാണ് ഈ അവകാശവാദം. ഹോര്‍മുസ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും, അതിനാൽ പരമ്പരാഗത പേര് മാറ്റി തന്റെ പേര് നൽകുന്നത് കൂടുതൽ അനുയോജ്യമായിരിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. വൈറ്റ് ഹൗസ് ഇതിനെ പിന്തുണച്ച് കടലിടുക്കിന്റെ മാപ്പ് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് അടയാളപ്പെടുത്തി പുറത്തുവിട്ടിട്ടുമുണ്ട്.
എന്നാൽ അന്താരാഷ്ട്ര നിയമപ്രകാരമോ ഭൂമിശാസ്ത്രപരമോ ആയി ഈ നീക്കത്തിന് നിലനിൽപ്പില്ല. ഇറാനും ഒമാനും ഇടയില സ്ഥിതി ചെയ്യുന്ന, ആഗോള എണ്ണക്കച്ചവടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന ജലപാത അമേരിക്കയുടെ സ്വന്തം ഭൂമിയല്ല. ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ജലപാതകളിൽ മേധാവിത്വം സ്ഥാപിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ പേരുമാറ്റ വാദത്തെ ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.
നേരത്തെ മെക്സിക്കൻ ഉൾക്കടലിന്റെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും, കാനഡയുമായി പങ്കിടുന്ന ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നും മാറ്റി ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ മാറ്റങ്ങളൊന്നും ആഗോളതലത്തിലോ അയൽരാജ്യങ്ങളോ അംഗീകരിച്ചിട്ടില്ല. അമേരിക്കൻ ജനതയുടെ ശ്രദ്ധ തിരിക്കാനും സ്വന്തം രാഷ്ട്രീയ ബ്രാൻഡിംഗ് ഉയർത്തിപ്പിടിക്കാനുമുള്ള ട്രംപിന്റെ പുതിയ തന്ത്രമായാണ് ‘ട്രംപ് സ്ട്രെയിറ്റ്’ വിവാദത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.