കേരള ക്രിക്കറ്റ് ലീഗിൽ (KCL) ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് കനത്ത തോൽവി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 74 റൺസിനാണ് ആലപ്പിയുടെ വിജയം. ടൂർണമെന്റിൽ മുഹമ്മദ് അഴറുദ്ദീനും സിബിൻ ഗിരീഷും പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ആലപ്പുഴയ്ക്ക് വലിയ വിജയം സമ്മാനിച്ചത്.
മഴയെ തുടർന്ന് ഏഴോവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് നിശ്ചിത 7 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്തു. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച വൈസ് ക്യാപ്റ്റൻ മുഹമ്മദ് അഴറുദ്ദീൻ 24 പന്തിൽ പുറത്താകാതെ 51 റൺസും, വെറും 8 പന്തിൽ നിന്ന് 1 സിക്സും 6 സിക്സുകൾ സഹിതം 37 റൺസ് നേടിയ സിബിൻ ഗിരീഷും ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടക്കം മുതൽ പിഴച്ചു. ആലപ്പിയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ കൊച്ചിക്ക് 7 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. കൊച്ചി നിരയിൽ മനു കൃഷ്ണൻ (22) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ സിബിൻ ഗിരീഷ് 3 വിക്കറ്റും, അഖിൽ ദേവ് വി നാല് വിക്കറ്റും വീഴ്ത്തി കൊച്ചി ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞു. ഈ വിജയത്തോടെ ആലപ്പി പോയിന്റ് പട്ടികയിൽ മുന്നിലെത്തി.
മറ്റൊരു മത്സരത്തിൽ, കനത്ത മഴയെ തുടർന്ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് – തൃശ്ശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയും മഴയും കാരണം ടോസ് പോലും ഇടാനാവാതെയാണ് കളി പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടങ്ങളെല്ലാം ആവേശകരമായി മുന്നേറുമ്പോൾ കാലാവസ്ഥയും ടീമുകളുടെ പ്രകടനവും ടൂർണമെന്റിൽ വലിയ വഴിത്തിരിവുകളാകുന്നുണ്ട്.