പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ഔദ്യോഗിക പോസ്റ്ററിൽ നിന്നും മാവേലിക്കര ലോക്സഭാ മണ്ഡലം എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഒഴിവാക്കിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കുട്ടനാട് ഉൾപ്പെടുന്ന മണ്ഡലത്തിലെ ജനപ്രതിനിധിയെ മനപ്പൂർവ്വം തഴഞ്ഞു എന്നാരോപിച്ചു കോൺഗ്രസ് അനുകൂലികൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ പുറത്തിറക്കിയ പ്രചാരണ പോസ്റ്ററുകളിലാണ് എംപിയുടെ ചിത്രവും പേരും ഉൾപ്പെടുത്താതിരുന്നത്. മുൻകാലങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തിറക്കിയ പോസ്റ്ററുകളിൽ പോലും പ്രാദേശിക എംപി എന്ന നിലയിൽ കൊടിക്കുന്നിലിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നതായി അനുയായികൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൊടിക്കുന്നിൽ സുരേഷ് നേരിട്ട് ജില്ലാ കളക്ടറെ ബന്ധപ്പെടുകയും ചെയ്തിരുന്നു.
വിവാദം ശക്തമായതിനെ തുടർന്ന് ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ ഔദ്യോഗിക പേജുകളിൽ നിന്ന് ഈ പോസ്റ്ററുകൾ ഉടൻ തന്നെ പിൻവലിപ്പിച്ചു. ഇത് വെറുമൊരു നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആകാം എന്ന പ്രതികരണമാണ് പിന്നീട് കൊടിക്കുന്നിൽ സുരേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കാര്യങ്ങൾ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പിന്നീട് ജില്ലാ ഭരണകൂടവും സംഘാടക സമിതിയും അമളി തിരുത്തി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കുകയാണുണ്ടായത്. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് അബദ്ധത്തിൽ പ്രചരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരെന്നാണ് കൾച്ചറൽ കമ്മിറ്റിയുടെ വിശദീകരണം. പോസ്റ്റർ വിവാദം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ വള്ളംകളി ചടങ്ങുകളിൽ താൻ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷും പിന്നീട് അറിയിച്ചു.