Blog Post

Karanavars > News > Keralam > മൺസൂൺ ശക്തി പ്രാപിക്കുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലെർട്

മൺസൂൺ ശക്തി പ്രാപിക്കുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ  കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടവിട്ട് മഴ ലഭിക്കുന്നുണ്ടെങ്കിലും, നാളെയോടെ മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളിലാണ് നാളെ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലെർട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ ചെറിയ കുറവുണ്ടായിരുന്നെങ്കിലും ബംഗാൾ ഉൾക്കടലിലെ പുതിയ കാലാവസ്ഥാ വ്യതിയാനങ്ങളും അന്തരീക്ഷ സ്ഥിതിയും കാരണം കേരളത്തിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും യാത്ര ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രത്യേകിച്ച് ഉരുൾപൊട്ടൽ, മലവെള്ളച്ചാച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവരും ജലാശയങ്ങൾക്ക് സമീപം കഴിയുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. മഴയുടെ ഗതിയും തീവ്രതയും അനുസരിച്ച് പൊതുജനങ്ങൾ സർക്കാരിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദ്ദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *