ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖ ശക്തികേന്ദ്രമായ ടാറ്റാ ഗ്രൂപ്പിൽ നിർണായക വഴിതിരിവ്. ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങാൻ തീരുമാനിച്ചതായി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. 2027 ഫെബ്രുവരി 20-ന് തന്റെ നിലവിലുള്ള കാലാവധി അവസാനിക്കുമ്പോൾ തുടർന്ന് ഈ പദവിയിലേക്ക് വീണ്ടും മത്സരിക്കാനോ കാലാവധി നീട്ടി വാങ്ങാനോ താത്പര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ടാറ്റാ സൺസ് ബോർഡിന് അയച്ച ഔദ്യോഗിക കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാല് പതിറ്റാണ്ടുകളായി ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ. ചന്ദ്രശേഖരൻ, കഴിഞ്ഞ ഒരു ദെശകത്തോളമായി ടാറ്റാ സൺസിന്റെ സാരഥിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. ബോർഡ് മീറ്റിംഗിൽ തന്റെ അഞ്ച് വർഷത്തെ പുതിയ കാലാവധിയുടെ കാര്യത്തിൽ ഏകകണ്ഠമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. സർ ഡോരബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും അദ്ദേഹത്തിന്റെ കാലാവധി നീട്ടാൻ മുൻകൈ എടുത്തുവെങ്കിലും, ബോർഡിലുണ്ടായ ചില വിയോജിപ്പുകളും പ്രതിസന്ധികളും കാരണം പ്രമേയം നടപ്പിലായിരുന്നില്ല.
ഈ സാഹചര്യത്തിൽ ജീവനക്കാർക്കും നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും കൃത്യമായ നേതൃത്വപരമായ വ്യക്തത നൽകേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പടിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ ഔദ്യോഗിക ചുമതലകളിൽ അദ്ദേഹം തുടരുമെന്നും, അതിനുമുമ്പായി പുതിയ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ ബോർഡ് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ പ്രഖ്യാപനത്തെ തുടർന്ന് വിപണിയിൽ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ചെറിയ തോതിൽ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. എയർ ഇന്ത്യ, ടി.സി.എസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ വമ്പൻ കമ്പനികൾ ഉൾപ്പെടുന്ന ടാറ്റാ സാമ്രാജ്യത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് ആര് വരുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ വ്യാവസായിക ലോകം.