ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണ്ണായക പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുപിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന അയോദ്ധ്യ മണ്ഡലത്തിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ പവൻ പാണ്ഡെയെ (തേജ് നാരായണൻ പാണ്ഡെ) പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ലക്നൗവിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലാണ് അഖിലേഷ് യാദവ് ഔദ്യോഗികമായി ഈ പ്രഖ്യാപനം നടത്തിയത്.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ മണ്ഡലത്തിൽ പവൻ പാണ്ഡെയെ വീണ്ടും രംഗത്തിറക്കുന്നതിലൂടെ വലിയ രാഷ്ട്രീയ സന്ദേശമാണ് സമാജ്വാദി പാർട്ടി നൽകുന്നത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ ശക്തമായ തന്ത്രപരമായ നീക്കമാണ് ഇതിലൂടെ എസ്പി ലക്ഷ്യമിടുന്നത്. മുൻപ് 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുള്ള പവൻ പാണ്ഡെ, അഖിലേഷ് യാദവ് മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ ജനസ്വാധീനമുള്ള നേതാവെന്ന നിലയിലാണ് അദ്ദേഹത്തിന് വീണ്ടും പാർട്ടി ടിക്കറ്റ് നൽകിയിരിക്കുന്നത്.
അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാട് കാണിക്ക തിരിമറി വിവാദങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി പവൻ പാണ്ഡെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾ വലിയ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിൽ അയോദ്ധ്യ സീറ്റിൽ കടുത്ത മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് മണ്ഡലത്തിൽ മികച്ച വിജയം നേടാനാകുമെന്ന് അഖിലേഷ് യാദവ് പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമാജ്വാദി പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുപിയിലെ മറ്റ് അതിപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയും ഉടൻ പുറത്തുവരുമെന്നാണ് സൂചന.