തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രഥമ ബജറ്റിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വൻ പ്രഖ്യാപനങ്ങൾ. വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ധനമന്ത്രി എൻ. മാരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ച പുതിയ ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോളേജ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനം ശക്തിപ്പെടുത്തുന്നതിനായി ‘വെട്രി മധികനിണി തിട്ടം’ പദ്ധതിയിലൂടെ ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ 2,000 കോടി രൂപ വകയിരുത്തി. കൂടാതെ, സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗജന്യ സൈക്കിളുകളും ഹെൽമറ്റുകളും വാട്ടർ ബോട്ടിലുകളും നൽകാൻ 277 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
യുവതലമുറയെ ആധുനിക സാങ്കേതികവിദ്യയിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലനം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കൂടാതെ, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സിലബസ് പരിഷ്കരിക്കാനും പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിലൂടെ സംസ്ഥാനത്തെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.