Blog Post

Karanavars > News > Goverment > പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ് നേരിട്ട് മാപ്പ് പറയണമെന്ന് നിഷികാന്ത് ദുബെ

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ് നേരിട്ട് മാപ്പ് പറയണമെന്ന് നിഷികാന്ത് ദുബെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ (Meta) മേധാവി മാർക്ക് സക്കർബർഗ് നേരിട്ട് മാപ്പ് പറയണമെന്ന് ഐടി മന്ത്രാലയ പാർലമെന്റ് സമിതി ചെയർമാൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ അഞ്ച് മണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ നിന്ന് അപ്രത്യക്ഷമായത് ഗൗരവമേറിയ വീഴ്ചയാണെന്ന് സമിതി വ്യക്തമാക്കി.

പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത മെറ്റയുടെ പ്രതിനിധികൾ സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്തതെന്ന് വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണം അപൂർണ്ണമാണെന്നും ലളിതമായ ഒരു ഖേദപ്രകടനത്തിനപ്പുറം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൃത്യമായ മറുപടി നൽകണമെന്നും സമിതി അംഗങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചു. വീഡിയോ നീക്കം ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് 10 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാൻ മെറ്റയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സക്കർബർഗ് വ്യക്തിപരമായി മാപ്പ് പറഞ്ഞില്ലെങ്കിൽ, ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം കമ്പനിക്ക് നൽകിയിരിക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് നിഷികാന്ത് ദുബെ മുന്നറിയിപ്പ് നൽകി. തേർഡ് പാർട്ടി ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണമാണ് സേഫ് ഹാർബർ പരിരക്ഷ.

പൊതുപ്രവർത്തകരുടെ ഔദ്യോഗിക ഉള്ളടക്കങ്ങൾ പോലും സുരക്ഷിതമല്ലെങ്കിൽ അത് രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണെന്ന് കേന്ദ്ര സർക്കാരും വിലയിരുത്തുന്നു. മെറ്റയ്ക്ക് പുറമെ ഗൂഗിൾ, യൂട്യൂബ്, എക്സ് (X) തുടങ്ങിയ മറ്റ് പ്രമുഖ നവമാധ്യമ പ്രതിനിധികളും കേന്ദ്ര ആഭ്യന്തര-ഐടി മന്ത്രാലയം ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർണായക സംഭവവികാസങ്ങൾ ഉണ്ടായത്. നവമാധ്യമങ്ങളുടെ പ്രവർത്തനവും അൽഗോരിതം പക്ഷപാതങ്ങളും കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു വന്നു.

Leave a comment

Your email address will not be published. Required fields are marked *