Blog Post

Karanavars > News > crime > തിരുവനന്തപുരം SAT ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ക്ലോസറ്റിലിട്ടു ; കുഞ്ഞ് മരിച്ചു

തിരുവനന്തപുരം SAT ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ക്ലോസറ്റിലിട്ടു ; കുഞ്ഞ് മരിച്ചു

തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രിയിൽ നവജാതശിശുവിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് വലിയ ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കടുത്ത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതി, ശുചിമുറിയിൽ വെച്ച് നവജാതശിശുവിന് ജന്മം നൽകിയതിന് പിന്നാലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.

ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ വസ്ത്രങ്ങളിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് ജീവനക്കാർ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. തുടർന്ന് ആശുപത്രി അധികൃതരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസും ഫയർഫോഴ്സും ചേർന്ന് സെപ്റ്റിക് ടാങ്ക് പരിശോധിക്കുകയും കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും നവജാതശിശു മരണപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസവത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങളും മാനസികാവസ്ഥകളുമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാരംഭ നിഗമനം. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന മാതൃ-ശിശു ആശുപത്രിയിൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായത് വലിയ നടുക്കവും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *