Blog Post

Karanavars > News > Frauad >  പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺ കോൾ : 2 പേർ പിടിയിൽ

 പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺ കോൾ : 2 പേർ പിടിയിൽ

കേരളത്തിലെ ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിലും പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ വ്യാജ ഫോൺ സന്ദേശങ്ങളയച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതികൾ പിടിയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുവീരന്മാരെയാണ് കേരള പൊലീസ് പിടികൂടിയത്. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പേരിൽ വ്യാജ വാട്സാപ്പ് കോളുകൾ ചെയ്ത് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം പണം തട്ടാൻ ശ്രമിച്ചത്.

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം വാങ്ങിനൽകാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എൽത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ, എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയാണ് തട്ടിപ്പുകാർ ഇത്തരത്തിൽ ബന്ധപ്പെട്ടത്. എം.എൽ.എയ്ക്ക് വന്ന ഫോൺ കോളിൽ സംശയം തോന്നിയതിനെ തുടർന്ന് പാർട്ടി നേതൃത്വത്തെയും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യാജമാണെന്ന് വ്യക്തമായത്.

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പരാതിയെ തുടർന്ന് വയനാട് സൈബർ പൊലീസും കോഴിക്കോട് സൈബർ സെല്ലും സംയുക്തമായി നടത്തിയ ഊർജിത അന്വേഷണമാണ് ഡൽഹിയിൽ വെച്ച് പ്രതികളെ കുടുക്കാൻ സഹായിച്ചത്. മുൻപും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഉന്നത നേതാക്കളുടെ പേരിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ള വൻകിട റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്. ജനപ്രതിനിധികളെ കബളിപ്പിച്ച് വലിയ തുക തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ഈ സൈബർ റാക്കറ്റിന്റെ മറ്റു കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *