വാഗമണ്‍ വരാട്ടുമേട്ടില്‍ പ്രമുഖ നടന് പ്രകാശ് രാജ് സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് ഔദ്യോഗിക നോട്ടീസ് നല്കാന് ഒരുങ്ങുന്നു. ഇടുക്കി ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വ്യാപകമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വരാട്ടുമേട് പ്രദേശത്ത് റവന്യൂ വകുപ്പ് ശക്തമായ ഒഴിപ്പിക്കല്‍ നടപടികളും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇവിടെ ഭൂമിയുള്ള പ്രമുഖരുടെയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും രേഖകള്‍ പരിശോധിക്കുന്നത്. പ്രദേശത്ത് പലരും വ്യാജ രേഖകള്‍ ചമച്ചും സ്വാധീനം ഉപയോഗിച്ചും കോടികൾ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടക്കമുള്ള ടൂറിസം നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്‍.
പ്രകൃതിരമണീയമായ കുന്നിന് പ്രദേശങ്ങളും മേടുകളും തരംമാറ്റി കൃഷിയിടങ്ങളെന്ന വ്യാജേനയാണ് പലയിടത്തും കൈയേറ്റം നടത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് നടന് പ്രകാശ് രാജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ രേഖകള്‍ പരിശോധിക്കുന്നതും വിശദീകരണം തേടി നോട്ടീസ് അയക്കുന്നതും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് കയ്യേറ്റം സ്ഥിരീകരിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്.