പിഎസ്സി പരീക്ഷാ ക്രമക്കേടുകളിലും മൂല്യനിർണ്ണയ തട്ടിപ്പുകളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). വിവിധ പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് 35-ലേറെ പരാതികളാണ്. ആസൂത്രണ ബോർഡ് ചീഫ് തസ്തിക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്), സ്പെഷ്യൽ റിക്രൂട്ട്മെന്റ് തുടങ്ങിയ പ്രധാന പരീക്ഷകളിലെ അവ്യക്തതകളും വീഴ്ചകളുമാണ് ഉദ്യോഗാർഥികൾ പ്രധാനമായും പരാതികളിൽ ഉന്നയിച്ചിരിക്കുന്നത്.
വിവാദമായ പരീക്ഷകളുടെ സോഫ്റ്റ്വെയർ സംവിധാനങ്ങളും ഓൺ-സ്ക്രീൻ മാർക്കിങ് രീതികളും എസ്.ഐ.ടി ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. ലഭിച്ച പരാതികളിൽ പ്രഥമഘട്ട പരിശോധനകൾ പൂർത്തിയാക്കിയ സംഘം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് വിളിപ്പിച്ച് മൊഴിയെടുക്കാനും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചില ഉദ്യോഗാർഥികൾക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി കഴിഞ്ഞു.
പരീക്ഷാ മൂല്യനിർണ്ണയത്തിലെ സാങ്കേതിക പിഴവുകളും മാർക്ക് ലിസ്റ്റുകൾ കൃത്യമായി പുറത്തുവിടാതെ റാങ്ക് ലിസ്റ്റുകൾ തയാറാക്കിയെന്ന ഗുരുതര ആരോപണങ്ങളുമാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസുകൾ അന്വേഷിക്കുന്നത്. ഉദ്യോഗാർഥികളിൽ നിന്നുള്ള പരാതി പ്രവാഹം വർധിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനും അന്വേഷണം മറ്റ് സംശയകരമായ പരീക്ഷകളിലേക്ക് വ്യാപിപ്പിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.