വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാരക്കരാർ ചർച്ചകൾ അനിശ്ചിതത്വത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ച് സംസാരിക്കാതെ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകില്ലെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇതോടെ ഉദ്യോഗസ്ഥ തലത്തിൽ നടന്നു വന്നിരുന്ന ചർച്ചകൾ ഏകദേശം പരാജയപ്പെട്ട നിലയിലാണ്. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളിൽ വിട്ടുവീഴ്ച വേണ്ടെന്ന കർശന നിലപാടിലാണ് ട്രംപ് ഭരണകൂടം.
ചർച്ചകൾ വഴിമുട്ടിയതോടെ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ആനുകൂല്യങ്ങളും അമേരിക്ക പിൻവലിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യക്ക് നൽകിയിരുന്ന പ്രത്യേക വ്യാപാര മുൻഗണനകൾ (GSP) പുനഃസ്ഥാപിക്കാനുള്ള ആദ്യത്തെ ഓഫർ ഇനി ഉണ്ടാകില്ലെന്ന് യുഎസ് പ്രതിനിധികൾ അറിയിച്ചതായാണ് വിവരം. ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം വേണമെന്ന ആവശ്യത്തിൽ യുഎസ് ഉറച്ചുനിൽക്കുകയാണ്.
പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഉപയോഗിച്ച് പ്രശ്നപരിഹാരം കാണാനാണ് നിലവിൽ സാധ്യതയുള്ളത്. എന്നാൽ, മുൻപ് നൽകിയ ഇളവുകൾ ലഭിക്കാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ മുതൽ കാർഷിക ഉൽപ്പന്നങ്ങൾ വരെ നീളുന്ന നികുതി തർക്കം പരിഹരിക്കപ്പെടാത്തതാണ് കരാർ പൊളിയാൻ പ്രധാന കാരണം. വരും ദിവസങ്ങളിൽ മോദിയും ട്രംപും തമ്മിൽ ഫോണിലൂടെയോ നേരിട്ടോ ചർച്ച നടത്തുമോ എന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.