മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരു നഞ്ചൻഗോഡിന് സമീപം വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ബസിനടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന നാൽപ്പതോളം യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
യാത്രക്കാർ ഭൂരിഭാഗവും ഉറക്കത്തിലായിരുന്ന സമയത്താണ് അപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ബസിനടിയിൽ നിന്നും തീ പടരുന്നത് കണ്ടയുടനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി. എല്ലാവരും പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ തീ ബസിലേക്ക് ആളിപ്പടരുകയും വാഹനം പൂർണ്ണമായും കത്തിയമരുകയും ചെയ്തു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
യാത്രക്കാർ സുരക്ഷിതരാണെങ്കിലും പലരുടെയും ലഗേജുകളും വിലപ്പെട്ട രേഖകളും ബസിനുള്ളിൽ വെച്ച് കത്തിനശിച്ചു. പാസ്‌പോർട്ട്, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ മാറ്റാൻ പലർക്കും സാധിച്ചില്ല. ബസിന്റെ പിന്നിലെ ടയർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ നഞ്ചൻഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ നാട്ടിലേക്ക് തിരികെ എത്തിച്ചു.