ബിജെപിക്കെതിര വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ആരോപണങ്ങളുന്നയിക്കാൻ ഒപ്പമുണ്ടായിരുന്ന സിപിഐയാണ് വിമർശനവുമായി മറുവശത്ത്. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയർന്ന ഇസ്രത്ത് ജഹാൻ കേസടക്കമുള്ളവയിലെ ബിജെപി നിലപാടിനെ ഒരുമിച്ചെതിർത്ത ഇടതുമുന്നണിയാണ് സ്വന്തം പൊലീസിനെതിരെ ഉയർന്ന വ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളിൽ ഇരുപക്ഷത്തായിരിക്കുന്നത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ചതിന്റെ പേരിൽ കോഴിക്കോട്ടെ പാർട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയും സിപിഐ രംഗത്തെത്തി.
പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാട് സിപിഐ ഓരോ ദിവസവും കടുപ്പിക്കുമ്പോൾ പ്രതിരോധത്തിലാകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. പൊലീസ് നടപടി സിപിഎമ്മിനുള്ളിലും എതിർപ്പുകൾക്ക് വഴിവച്ചിട്ടുണ്ട്. പൊലീസ് ആഴത്തിലുള്ള പരിശോധന നടത്തിയതിനുശേഷമേ യുഎപിഎ പോലുള്ള വകുപ്പുകൾ ചുമത്താവൂ എന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കിയതിനു പിന്നാലേ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി.
മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്നും പൊലീസ് വെടിവെച്ചത് സുരക്ഷയ്ക്കാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം തള്ളിക്കളഞ്ഞ പ്രതിപക്ഷം, ഇക്കാര്യം സിപിഐയെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന മുനവച്ച മറുപടി നൽകി. പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു സിപിഐ ആരോപിക്കുന്നു.