തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ (ആർസിസി) സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെ സസ്പെൻഡ് ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് സ്വന്തം ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്ന പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുറ്റാരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആർസിസി ഡയറക്ടർ ഡോ. കെ. രജ്നീഷ് കുമാർ ആണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കിയതും അഭിമുഖ പരീക്ഷയിൽ പങ്കെടുത്തതും ചീഫ് നഴ്സിംഗ് ഓഫീസറായിരുന്നു. എന്നാൽ, സ്വന്തം സഹോദരിയുടെ മകൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ ഉദ്യോഗാർത്ഥികളായി ഉള്ളപ്പോൾ നിയമന പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കണമെന്ന അടിസ്ഥാന ചട്ടം ഇവർ ലംഘിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. സസ്പെൻഷനിലായ ശ്രീലേഖയുടെ സഹോദരിയുടെ മകൾക്കാണ് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. കൂടാതെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലെത്തിയ മറ്റു പലരും ഇവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി ലഭിച്ച പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിഷയം ഗൗരവമായി കാണുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ നിലവിലെ റാങ്ക് പട്ടിക റദ്ദാക്കണമെന്നും പരീക്ഷാ നടപടികൾ സുതാര്യമായി വീണ്ടും നടത്തണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.