മുംബൈ/കൊച്ചി: ഒടിടി സബ്സ്ക്രിപ്ഷനുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, വൈദ്യുതി ബില്ലുകൾ എന്നിവ കൃത്യസമയത്ത് അടയ്ക്കാൻ സഹായിക്കുന്ന യുപിഐ ഓട്ടോപേ സംവിധാനം പലപ്പോഴും ഉപഭോക്താക്കൾക്ക് തലവേദനയാകുന്നു. സബ്സ്ക്രിപ്ഷൻ വേണ്ടെന്ന് വെച്ചാലും പലപ്പോഴും അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ സുതാര്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ എല്ലാ സജീവ ഓട്ടോപേ മാൻഡേറ്റുകളും ഒരൊറ്റ വിൻഡോയിൽ കാണാനും നിയന്ത്രിക്കാനും സാധിക്കുന്ന സംവിധാനമാണിത്.
ഡിസംബർ 31-നകം നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള പുതിയ മാറ്റങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക് തങ്ങളുടെ ഓട്ടോപേ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാം. ഏതെങ്കിലും യുപിഐ ആപ്പിലെ ‘മാനേജ് ബാങ്ക് അക്കൗണ്ട്സ്’ (Manage bank accounts) അല്ലെങ്കിൽ ‘ഓട്ടോപേ’ (Autopay) സെക്ഷനിൽ പോയാൽ നിലവിൽ പണം ഈടാക്കുന്ന സേവനങ്ങളുടെ ലിസ്റ്റ് കാണാം. ഇവിടെ നിന്ന് ആവശ്യമില്ലാത്ത സബ്സ്ക്രിപ്ഷനുകൾ ‘റദ്ദാക്കാനോ’ (Cancel/Revoke) അല്ലെങ്കിൽ താല്ക്കാലികമായി ‘നിർത്തിവെക്കാനോ’ (Pause) സാധിക്കും. കൂടാതെ ഒരു ആപ്പിൽ സെറ്റ് ചെയ്ത ഓട്ടോപേ മറ്റൊരു ആപ്പിലേക്ക് മാറ്റാനുള്ള ‘പോർട്ടബിലിറ്റി’ സൗകര്യവും പുതിയ പരിഷ്കാരത്തിലുണ്ട്.
ഓട്ടോപേ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും സേവനത്തിന്റെ ട്രയൽ പീരിയഡ് കഴിയുമ്പോൾ ഓട്ടോപേ ഓഫ് ചെയ്യാൻ മറക്കരുത്. ഇടപാട് നടക്കുന്നതിന് മുൻപ് ബാങ്കിൽ നിന്നോ യുപിഐ ആപ്പിൽ നിന്നോ ലഭിക്കുന്ന നോട്ടിഫിക്കേഷനുകൾ കൃത്യമായി പരിശോധിക്കണം. പണം അക്കൗണ്ടിൽ നിന്ന് ഈടാക്കിക്കഴിഞ്ഞാൽ അത് തിരികെ ലഭിക്കുക പ്രയാസകരമായതിനാൽ, ഉപയോഗിക്കാത്ത സേവനങ്ങളുടെ മാൻഡേറ്റുകൾ ഉടൻ തന്നെ റദ്ദാക്കുന്നതാണ് ബുദ്ധി. ഇടപാടുകളിൽ തർക്കമുണ്ടെങ്കിൽ യുപിഐ ഹെൽപ് (UPI Help) വഴി നേരിട്ട് പരാതിപ്പെടാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.