കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങളിൽ കുടുംബത്തിന്റെ അനുമതിയില്ലാതെ സുനിൽ സ്വാമി (സുനിൽ ദാസ്) എന്ന വ്യക്തി ഇടപെട്ടത് വലിയ വിവാദമാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംസ്കാര ചടങ്ങുകളിൽ മുഖ്യകർമ്മിയായി സ്വയം അവരോധിച്ചുകൊണ്ട് ഇയാൾ നടത്തിയ ഇടപെടലുകൾ തങ്ങളെ ഏറെ വിഷമിപ്പിച്ചതായി ശ്രീനിവാസന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ആൾദൈവങ്ങളെയും വ്യാജ സിദ്ധന്മാരെയും ജീവിതകാലം മുഴുവൻ എതിർത്ത ഒരു വ്യക്തിയുടെ അന്ത്യയാത്രയിൽ ഇത്തരമൊരു തട്ടിപ്പ് കേസ് പ്രതിയുടെ സാന്നിധ്യം ഉണ്ടായത് വലിയ വീഴ്ചയാണെന്ന് സോഷ്യൽ മീഡിയയിലും വിമർശനം ഉയരുന്നുണ്ട്.
സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുടുംബം നിയോഗിച്ച യഥാർത്ഥ കർമ്മികളെ മറികടന്ന് സുനിൽ സ്വാമി മുൻനിരയിൽ നിലയുറപ്പിക്കുകയായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചടങ്ങുകൾ ചെയ്യുമ്പോൾ അവർക്ക് നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. എന്നാൽ ഇയാളെ ചടങ്ങിലേക്ക് ആരും ക്ഷണിച്ചിരുന്നില്ലെന്നും, ആരാണ് ഇയാളെന്ന് പോലും കുടുംബത്തിന് അറിയില്ലെന്നും അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ദുഃഖഭാരത്തിൽ കഴിയുന്ന കുടുംബത്തിന്റെ സാഹചര്യം മുതലെടുത്ത് ഇയാൾ സ്വയം ‘ഷോ’ നടത്തുകയായിരുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം.
പാലക്കാട് മുതലമട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സുനിൽ ദാസ് എന്ന സുനിൽ സ്വാമി. കോയമ്പത്തൂരിലെ വ്യാജ റിസർവ് ബാങ്ക് കത്ത് തട്ടിപ്പിലും മറ്റും ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നടൻ ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ പോലും സ്വന്തം പ്രശസ്തിക്കായി ദുരുപയോഗം ചെയ്ത ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനും ചടങ്ങുകൾ അലങ്കോലപ്പെടുത്തിയതിനും പോലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ഒരുങ്ങുകയാണ്.