Blog Post

Karanavars > News > Indian Railway > റെയിൽവേയിൽ പുതിയ വിപ്ലവം; ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
റെയിൽവേയിൽ പുതിയ വിപ്ലവം;

റെയിൽവേയിൽ പുതിയ വിപ്ലവം; ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകാൻ പോകുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം പുറത്തിറങ്ങും. ജനുവരി 18-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൊൽക്കത്ത (ഹൗറ) – ഗുവാഹത്തി റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. രാത്രികാല ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരവും വേഗതയുള്ളതുമാക്കാൻ ഈ പുതിയ ട്രെയിൻ സഹായിക്കും.

യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പർ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ആകെ 16 കോച്ചുകളുള്ള ട്രെയിനിൽ 11 ത്രീ ടയർ എസി, 4 ടൂ ടയർ എസി, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയുണ്ടാകും. 823 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ട്രെയിനിൽ മികച്ച കുഷ്യൻ സീറ്റുകൾ, സെൻസർ ലൈറ്റുകൾ, വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്ലറ്റുകൾ എന്നിവയും പ്രത്യേകതയാണ്. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ സർവീസിന് തയ്യാറെടുക്കുന്നത്.

വിമാനയാത്രയേക്കാൾ കുറഞ്ഞ ചിലവിൽ മികച്ച യാത്രാനുഭവം നൽകുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. ഗുവാഹത്തി – ഹൗറ റൂട്ടിലെ സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ ഏകദേശം 2,300 രൂപ (ത്രീ ടയർ എസി) മുതൽ ആരംഭിക്കും. വരും മാസങ്ങളിൽ കൂടുതൽ സ്ലീപ്പർ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് ആരംഭിക്കുമെന്നും മാർച്ച് അവസാനത്തോടെ 10 ട്രെയിനുകൾ കൂടി ട്രാക്കിലിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ദീർഘദൂര യാത്രക്കാർക്ക് പുതിയൊരു യാത്രാസംസ്കാരം നൽകുന്ന വന്ദേ ഭാരത് സ്ലീപ്പറിനായി വലിയ ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *